ഇസ്രായേലിനെ വർണ്ണവിവേചന രാഷ്ട്രമായി പ്രഖ്യാപിക്കുന്ന പ്രമേയം അമേരിക്കൻ പ്രെസ്ബിറ്റീരിയൻ സഭയുടെ (പി. സി. യു. എസ്. എ) ജനറൽ അസംബ്ലിയിൽ പാസാക്കിയ നടപടിയിൽ വിശ്വാസ സമൂഹത്തിൽ പ്രതിഷേധമുയരുന്നു.
കെൻ്റക്കിയിലെ ലൂയിസ്‌വില്ലിൽ നടന്ന വാർഷിക സമ്മേളനത്തിൽ അസംബ്ലിയുടെ ഇൻ്റർനാഷണൽ എൻഗേജ്‌മെന്റ് കമ്മിറ്റി തങ്ങളുടെ മിഡിൽ ഈസ്റ്റ് നയവുമായി ബന്ധപ്പെട്ടാണ് ഈ പ്രമേയം പാസാക്കിയത്. “ഇസ്രായേലിൻ്റെ നിയമങ്ങളും നയങ്ങളും സമ്പ്രദായങ്ങളും ഫലസ്തീൻ ജനതയ്‌ക്കെതിരായ വർണ്ണവിവേചനം ഉണ്ടാക്കുന്നതിനെ അംഗീകരിക്കുന്നു” എന്ന തലക്കെട്ടിലുള്ള ഭേദഗതി 28-3 എന്ന നിലയിലാണ് കമ്മിറ്റി വോട്ടെടുപ്പിൽ പാസായത്.
വർണ്ണവിവേചന നിയമങ്ങളും സമ്പ്രദായങ്ങളും നയങ്ങളും കാരണം ഗുരുതരമായ അനീതിയും വ്യാപകമായ കഷ്ടപ്പാടുകളും വലിയ മനുഷ്യാവകാശ ലംഘനങ്ങളും നടന്നതായി ആരോപിച്ച് വെസ്റ്റ് ബാങ്കിലെ ഇസ്രായേലിൻ്റെ നയങ്ങളെ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനവുമായിട്ടാണ് പ്രമേയം താരതമ്യം ചെയ്തത് .
എന്നാൽ കമ്മിറ്റി നടപടികൾക്കിടയിൽത്തന്നെ പ്രതിഷേധ സ്വരങ്ങളും ഉയർന്നിരുന്നു. യഹൂദ സമൂഹത്തോട് ഐക്യദാർഢ്യം പുലർത്തുന്ന ക്രിസ്ത്യൻ സംഘടനയായ ഫിലോസ് ആക്ഷൻ ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുടെ ഒരു സംഘം പ്രമേയത്തെ എതിർക്കാൻ വോട്ടിംഗ് അംഗങ്ങളെ പ്രേരിപ്പിക്കാൻ കമ്മിറ്റി നടപടികൾ നടന്ന മുറിക്കു പുറത്ത് ശബ്ദമുയർത്തിയിരുന്നു. ഫിലോസ് പ്രോജക്ടിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ലൂക്ക് മൂൺ വോട്ടിങ്ങിനെ “ജൂത വിദ്വേഷം” എന്ന് വിശേഷിപ്പിച്ചത് . യഹൂദവിരുദ്ധത നിരസിക്കാനുള്ള ഞങ്ങളുടെ അഭ്യർത്ഥന അവർ അവഗണിക്കുകയും അവരുടെ യഹൂദ വിദ്വേഷത്തിൽ കൂടുതൽ ആഴ്ന്നിറങ്ങുകയും ചെയ്തു. കർത്താവേ, അങ്ങയുടെ ക്രോധത്തിൽ, കരുണയെ ഓർക്കേണമേ,” എന്നാണ് മൂൺ ട്വിറ്ററിൽ കുറിച്ചത് .
പാസ്റ്റർ വൈവ്‌സ് ഓഫ് അമേരിക്ക, നാഷണൽ ഹിസ്‌പാനിക് പാസ്റ്റേഴ്‌സ് അലയൻസ്, കോവനൻ്റെ ഡോട്ടേഴ്‌സ് മിനിസ്ട്രി ഇൻ്റർനാഷണൽ എന്നിവയുൾപ്പെടെ 10-ലധികം ക്രിസ്ത്യൻ, ഇസ്രായേൽ അനുകൂല സംഘടനകൾ ഫിലോസിനൊപ്പം ഈ നടപടിയിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട് .
അമേരിക്കയിലെ ഏറ്റവും വലിയ പ്രെസ്ബിറ്റേറിയൻ വിഭാഗമെന്ന നിലയിൽ, പി.സി.യു.എസ്എയ്ക്ക് 8,000-ത്തിലധികം സഭകളും 1 ദശലക്ഷം അംഗങ്ങളും 18,000 വൈദിക അംഗങ്ങളുമുണ്ട്. എന്നാൽ സഭയുടെ തന്നെ
ഒരു റിപ്പോർട്ട് പ്രകാരം 2021-ൽ 51,000-ലധികം അംഗങ്ങളും അതുപോലെ 100-ലധികം സഭകളും പ്രെസ്‌ബൈറ്ററികൾ എന്നറിയപ്പെടുന്ന നാല് പ്രാദേശിക സംഘടനകളും പോലും നഷ്ടപ്പെട്ടതായി പറയുന്നുണ്ട്.
2010-ൽ, പിസി യുഎസ്എ ബ്രഹ്മചാരികളല്ലാത്ത , സ്വവർഗാനുരാഗികളായ പുരോഹിതന്മാരെ നിയമിക്കാൻ അനുവദിക്കുകയും 2015-ൽ വിവാഹത്തിൻ്റെ നിർവചനം “ഒരു പുരുഷനും സ്ത്രീയും” എന്നതിൽ നിന്ന് “രണ്ട് ആളുകൾ , പരമ്പരാഗതമായി ഒരു പുരുഷനും സ്ത്രീയും” എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. 2019-ൽ, വിർജീനിയയിലെ പിസി(യുഎസ്എ) ചർച്ച്, ആദ്യത്തെ ട്രാൻസ്‍ജൻഡർ വൈദികനെയും നിയമിച്ചു.
അമേരിക്കൻ പ്രെസ്ബിറ്റേറിയൻ ചർച്ചിൻ്റെ ഇസ്രായേലിനോടുള്ള വർദ്ധിച്ചുവരുന്ന ശത്രുത അമേരിക്കയിലെ ഏറ്റവും വലിയ ഇസ്രായേൽ അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പായ ക്രിസ്ത്യൻ യുണൈറ്റഡ് ഫോർ ഇസ്രായേലിൻ്റെ
വിമർശനത്തിന് കാരണമായിട്ടുണ്ട്. “പിസിയുഎസ്എ നേതൃത്വത്തിൻ്റെ ഇസ്രായേൽ വിരുദ്ധ പക്ഷപാതം അധാർമികവും അപലപിക്കപ്പെടേണ്ടതാണ് . ഭൂരിഭാഗം അമേരിക്കക്കാരും ഇസ്രായേലിനൊപ്പമാണ് നിലകൊള്ളുന്നത് . ആത്യന്തികമായി ഒരു ചെറിയ ക്രിസ്ത്യൻ വിഭാഗത്തിലെ വിരലിലെണ്ണാവുന്ന നേതാക്കളുടെ കാപട്യവും വിദ്വേഷവും ഇസ്രായേലിനെക്കുറിച്ച് പറയുന്നതിനേക്കാൾ കൂടുതൽ ആ നേതാക്കളെക്കുറിച്ച് തന്നെയാണ് പറയുന്നത് ” CUFI സ്ഥാപകനും ചെയർമാനുമായ പാസ്റ്റർ ജോൺ ഹഗീ ജെഎൻഎസിനോട് പറഞ്ഞു