ക്രിസ്തുമതം സ്വീകരിച്ച വിയറ്റ്നാമീസ് കുടുംബത്തെ വിശ്വാസത്തിൻ്റെ പേരിൽ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.ഈ മാസം ആദ്യം നടന്ന സംഭവത്തെക്കുറിച്ചു സോങ് ബ തോങ് എന്നയാളിൽ നിന്ന് വിവരം ലഭിച്ചതായി ഓപ്പൺ ഡോർ യു എസ് എ റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം കാരണം തനിക്കും കുടുംബത്തിനും പ്രാദേശിക അധികാരികളുടെ കൈകളിൽ നിന്ന് മോശമായ പെരുമാറ്റം നേരിട്ടതായി അദ്ദേഹം പറഞ്ഞു പറഞ്ഞു .രാജ്യത്ത് സർക്കാർ അംഗീകൃത മത സംഘടനയിൽ ചേരാൻ അനുമതിയുണ്ടായിരിക്കെയാണ് ഈ അനുഭവം.
2017-ൽ റേഡിയോ പ്രക്ഷേപണങ്ങൾ ശ്രവിച്ചുകൊണ്ടാണ് മാതാപിതാക്കളുൾപ്പെടെ 13 പേരടങ്ങുന്ന തോങ്ങിൻ്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചതെന്നു ഓപ്പൺ ഡോർ യു എസ് എ വാർത്തയിൽ പറയുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാനുള്ള പ്രാദേശിക ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം വകവെക്കാതെ തോങ് കുടുംബം സർക്കാർ അംഗീകരിച്ച പ്രൊട്ടസ്റ്റന്റ് സഭയിൽ ചേരുകയായിരുന്നു.എന്നാൽ ഗൃഹസന്ദർശനവും കമ്യൂൺ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തലും ഉൾപ്പെടെയുള്ള പീഡനം തുടർന്നായി റിപ്പോർട്ടിൽ പറയുന്നു .
കൃഷി ജീവിതോപാധിയായ കുടുംബത്തിൻ്റെ കലപ്പ ഉദ്യോഗസ്ഥർ കണ്ടുകെട്ടുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തുവത്രേ. ജൂൺ 4-ന് നടന്ന ഒരു കമ്മ്യൂണിറ്റി വോട്ടിനെത്തുടർന്ന്, കുടുംബത്തെ ഔദ്യോഗികമായി ഗ്രാമത്തിൽ നിന്ന് പുറത്താക്കി.
1980കളിൽ വിയറ്റ്നാമിൻ്റെ വടക്കൻ ഉയർന്ന പ്രദേശങ്ങളിൽ ക്രൈസ്തവമാർഗ്ഗത്തെപ്പറ്റി കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശത്തു വസിക്കുന്ന 1 ദശലക്ഷത്തോളം ഹോങ് വംശജരിൽ 300,000 പേർ പ്രൊട്ടസ്റ്റണ്ട് വിശ്വാസികളായി യേശുവിനെ പിൻപറ്റുന്നു .
1980-കളുടെ അവസാനത്തിൽ ക്രിസ്തുമതം പ്രചരിക്കാൻ തുടങ്ങിയപ്പോൾ വിയറ്റ്നാമിലെ ഉയർന്ന പ്രദേശങ്ങളിൽ ഒരു വിദേശ മിഷനറിമാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഹ്മോങ് ഭാഷയിലുള്ള ഒരു സുവിശേഷ റേഡിയോ പരിപാടിയിൽ ഗ്രാമീണർ ആകൃഷ്ടരാവുകയായിരുന്നു. തങ്ങളുടെ സ്വന്തം ഭാഷ സംപ്രേഷണം ചെയ്‌തതിൽ ആവേശഭരിതരായ ഹ്‌മോങ് ശ്രോതാക്കൾ അയൽക്കാരെയും ബന്ധുക്കളെയും ഈ റേഡിയോ പരിപാടി ട്യൂൺ ചെയ്യാൻ പ്രേരിപ്പിക്കുകയും സുവിശേഷം കാട്ടുതീ പോലെ പടരുകയുമായിരുന്നു.
എന്നാൽ വിയറ്റ്നാമീസ് അധികാരികൾ ആവട്ടെ ഹോമോങ് ക്രിസ്ത്യൻ വളർച്ചയോട് പ്രതികരിച്ചത് അതിൻ്റെ അസ്തിത്വം നിഷേധിച്ചുകൊണ്ടും ക്രിസ്ത്യൻ വിരുദ്ധ പ്രചാരണം പ്രസിദ്ധീകരിച്ചുകൊണ്ടും മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടുമാണെന്ന് ദി ഡിപ്ലോമാറ്റ് പറയുന്നു.
മതം മാറിയവരെ ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും വഴി പ്രാദേശിക അധികാരികൾ ജനങ്ങളെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നതായി മനുഷ്യാവകാശ നിരീക്ഷണ സമിതി റിപ്പോർട്ട് ചെയ്തിരുന്നു.