നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് യു എസ് സെനറ്റർമാർ

Nigeria new - നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് യു എസ് സെനറ്റർമാർ

സമീപ കാലത്തായി ക്രൈസ്തവരെ ലക്ഷ്യമിട്ട് കനത്ത ആക്രമണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്ന് അഞ്ചു യു എസ് സെനറ്റർമാർ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കനയച്ച കത്തിൽ ആവശ്യപ്പെട്ടു. സെനറ്റർമാരായ ജോഷ് ഹാലി, മാർക്കോ റൂബിയോ, മൈക്ക് ബ്രൗൺ, ജെയിംസ് എം. ഇൻഹോഫ്, ടോം കോട്ടൺ എന്നിവരാണ് ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു കത്തയച്ചത്. യുഎസ് ഇൻ്റർ നാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് പ്രകാരം നൈജീരിയയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” (സിപിസി) ആയി ഉടൻ പുനർനാമകരണം ചെയ്യണമെന്നു സെനറ്റർമാർ കത്തിൽ ബ്ലിങ്കനോട് ആവശ്യപ്പെട്ടു. പെന്തക്കോസ്ത് ഞായറാഴ്ച പള്ളിയിൽ പോയവരെ കൂട്ടക്കൊല ചെയ്തതും ഒരു ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയെ കല്ലെറിഞ്ഞതും ഉൾപ്പെടെ ക്രിസ്ത്യാനികൾക്കെതിരെ കഴിഞ്ഞ ആഴ്ചകളിൽ ഭയാനകമായ അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് സെനറ്റർമാരുടെ ഈ ആവശ്യം.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നൈജീരിയയിലെ ക്രിസ്‌ത്യാനികൾക്ക്‌ നേരെയുള്ള മാരകമായ അക്രമങ്ങൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം, നൈജീരിയയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങളിൽ പ്രകടമായ പുരോഗതിയൊന്നും ഉണ്ടായില്ലെങ്കിലും, നൈജീരിയയുടെ പ്രത്യേക ആശങ്ക (സിപിസി) എന്ന പദവി വിശദീകരിക്കാനാകാത്ത വിധത്തിൽ യു എസ് നീക്കം ചെയ്തിരുന്നു .എന്നാൽ സ്ഥിതി കൂടുതൽ വഷളാവുകയാണ് ഉണ്ടായത് . ബ്ലിങ്കൻ്റെ തെറ്റായ തീരുമാനം ഉടനടി പിൻവലിക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ വിഷയം അദ്ദേഹത്തെ വീണ്ടും ഓർമിപ്പിക്കുവാനാണ് കത്തെഴുതുന്നതെന്നും സെനറ്റർമാർ പറഞ്ഞു. പെന്തക്കോസ്ത് ഞായറാഴ്ച, തോക്കുധാരികൾ നൈജീരിയയിലെ ഒൻഡോ സ്റ്റേറ്റിലെ സെന്റ് ഫ്രാൻസിസ് കാത്തലിക് പള്ളിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ മാസം, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാർത്ഥി ഡെബോറ ഇമ്മാനുവൽ യാക്കൂബുവിനെ അക്രമാസക്തരായ ജനക്കൂട്ടം ക്രൂരമായി കല്ലെറിഞ്ഞു കൊന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡെബോറ പോസ്റ്റ് ചെയ്ത “ദൂഷണപരമായ” സന്ദേശം ചില ഇസ്ലാമിസ്റ്റ് വിദ്യാർത്ഥികളെ രോഷാകുലരാക്കിയത്രേ. അതിൽ ‘യേശു ക്രിസ്തുവാണ് ഏറ്റവും വലിയവൻ’ എന്നും എൻ്റെ പരീക്ഷകളിൽ വിജയിക്കാൻ അദ്ദേഹം എന്നെ സഹായിച്ചു എന്നുമാണ് ഡെബോറ എഴുതിയത് .നൈജീരിയൻ ക്രിസ്ത്യാനികൾക്കെതിരായ മതപരമായ അക്രമവും അസഹിഷ്ണുതയും സമീപ വർഷങ്ങളിൽ കൂടുതൽ വഷളായിട്ടുണ്ടെന്നും 2021-ൽ ക്രൈസ്തവ വിശ്വാസത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട നൈജീരിയൻ ക്രിസ്ത്യാനികളുടെ 4,650 ലധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സെനറ്റർമാർ പ്രസ്താവിച്ചു.