ബൈബിൾ ‘കെട്ടുകഥ’ യെന്നു വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്

Bible - ബൈബിൾ 'കെട്ടുകഥ' യെന്നു വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്

പുതിയ ഗാലപ്പ് സർവേ പ്രകാരം ബൈബിളിനെ മനുഷ്യർ രേഖപ്പെടുത്തിയ “കെട്ടുകഥകളുടെ” ഒരു ശേഖരമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം അമേരിക്കയിൽ കൂടി വരുന്നതായി കണക്കുകൾ. മാത്രമല്ല ഇതുവരെ രേഖപ്പെടുത്തിയതിൽ കുറഞ്ഞ ശതമാനം ആളുകൾ ബൈബിൾ “ദൈവത്തിൻ്റെ യഥാർത്ഥ വചനം” ആണെന്ന് വിശ്വസിക്കുന്നുവത്രേ .

അമേരിക്കയിലെ മുതിർന്നവരിൽ 29 ശതമാനം പേർ വേദപുസ്തകത്തെ “മനുഷ്യൻ രേഖപ്പെടുത്തിയിട്ടുള്ള കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും ധാർമ്മിക നിയമങ്ങളുടെയും ഒരു പുരാതന ഗ്രന്ഥം” എന്ന് വിശേഷിപ്പിക്കുന്നു. അതേസമയം 20 ശതമാനം മുതിർന്നവർ മാത്രമാണ് ബൈബിൾ “ദൈവത്തിൻ്റെ യഥാർത്ഥ വചനമാണെന്നു വിശ്വസിക്കുന്നുള്ളു. ഇത് എക്കാലത്തെയും കുറഞ്ഞ ശതമാനമാണ് .

2017 ൽ ഇത് 24 ശതമാനം ആയിരുന്നു.


അതെ സമയം “ബൈബിൾ ദൈവത്തിൻ്റെ വചനമാണ് പക്ഷെ അതിലെ എല്ലാം അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല.” എന്ന ഓപ്ഷന് യെസ് പറഞ്ഞവരുടെ എണ്ണം 2017 ൽ 47 ശതമാനത്തിൽ നിന്ന് ഈ വർഷം 49 ശതമാനമായിട്ടുണ്ട്

ബൈബിൾ “ദൈവത്തിൻ്റെ യഥാർത്ഥ വചനം” എന്ന് പറയുന്ന അമേരിക്കക്കാരുടെ ശതമാനം കഴിഞ്ഞ ദശകത്തിൽ ക്രമേണ കുറഞ്ഞു, 2011 ൽ 30 ശതമാനത്തിൽ നിന്ന് 2014 ൽ 28 ശതമാനമായും 2017 ൽ 24 ശതമാനമായും ഇന്ന് 20 ശതമാനമായും കുറഞ്ഞു. അതേ സമയം, ബൈബിൾ എഴുതിയത് പുരുഷന്മാരാണെന്ന് പറയുന്ന അമേരിക്കക്കാരുടെ ശതമാനം 17 ശതമാനത്തിൽ നിന്ന് 21 ശതമാനമായും 26 ശതമാനമായും ഇന്ന് 29 ശതമാനമായും ഉയർന്നു.

ബൈബിളിനെക്കുറിച്ചുള്ള അമേരിക്കൻ ജനതയുടെ വിശ്വാസങ്ങളിൽ മാറ്റം വന്നിരിക്കുന്നുവെന്നും പ്രായപൂർത്തിയായവരിൽ മൊത്തത്തിലുള്ള മതാത്മകത കുറയുന്നതായി നിരവധി സൂചകങ്ങൾ കാണിക്കുന്നുവെന്നും ഗാലപ്പ് സർവ്വേയിലെ ഫ്രാങ്ക് ന്യൂപോർട്ട് പറഞ്ഞു .