പുറപ്പാട് 15 :23 -25
ശൂറിലെ മരുഭൂമിയിൽ ഉള്ള മാറയിൽ പാളയമിറങ്ങുന്നു. ഇവിടുത്തെ വെള്ളത്തിന് കയ്പുണ്ടായിരുന്നതുകൊണ്ട് കയ്പ്പ് എന്നർത്ഥം വരുന്ന മാറാ എന്ന പേര് അവർ വിളിച്ചു . ഇവിടുള്ള കയ്പുള്ള വെള്ളത്തെ ദൈവം മധുരമാക്കി തീർത്തു. ഈജിപ്തിലെ സീനായ് പർവതത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത കാഴ്ചപ്പാട് പ്രകാരം സീനായ് പെനിൻസുലയുടെ തെക്കു ഭാഗത്തുള്ള ഐൻ ഹവാരയാണ് മാറാ എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ആധുനിക പണ്ഡിതന്മാർ സൂയസിൽ നിന്ന് 10 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉപ്പുവെള്ളമുള്ള ജലധാരയായ ഐൻ നബയാനു മാറായെന്നു കരുതുന്നു.
മാറയിൽ നിന്നും ഇസ്രായേൽ ജനത ഏലീമിലാണ് ( പുറപ്പാട് 15 : 27 ,സംഖ്യ 33:9 )എത്തിച്ചേരുന്നത് .ചെങ്കടലിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള മാറായ്ക്കും പാപത്തിൻ്റെ വന്യത എന്നറിയപ്പെടുന്ന പ്രദേശത്തിനും ഇടയിലാണ് എലിമിൻ്റെ സ്ഥാനം.”പന്ത്രണ്ട് കിണറുകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്ന” സ്ഥലമെന്നും ഇസ്രായേല്യർ “അവിടെ വെള്ളത്തിനടുത്ത് ക്യാമ്പ് ചെയ്തിരുന്നതായും” എലീമിനേപ്പറ്റി വിവരിക്കപ്പെട്ടിരിക്കുന്നു.ഈജിപ്ത് വിട്ട് രണ്ടര മാസത്തിന് ശേഷം ഇസ്രായേല്യർ ഏലിമിൽ നിന്ന് പുറപ്പെട്ടു (പുറപ്പാട് 16: 1), സിൻ മരുഭൂമിയിലൂടെ യാത്ര തുടർന്നതായി പുറപ്പാടു പുസ്തകം രേഖപ്പെടുത്തുന്നു.
സീൻ മരുഭൂമി – ഏലീമിൽ നിന്ന് പുറപ്പെട്ടു എറ്റിഹ് എന്ന പർവത നിരയുടെ അടിവാരത്തുള്ള സീൻ മരുഭൂമിയിൽ എത്തിച്ചേരുന്നു.മന്നായും കാടപ്പക്ഷിയും മുകളിൽ നിന്നും നൽകപ്പെട്ടത് ഇവിടെ നിന്നായിരുന്നു . അവിടെ നിന്ന് ഡോഫ്ക്കയും ആലുഷും കടന്ന് ( ഈ രണ്ടു സ്ഥലങ്ങളും എവിടെയെന്നു തിട്ടപ്പെടുത്തിയിട്ടില്ല ) റഫിദീമിൽ എത്തിച്ചേരുന്നു (പുറപ്പാട് 17 :1 -8 )
റഫീദിം – ഇത് ഹോരേബ് പർവ്വതത്തിനു വടക്കാകുന്നു .ഇവിടെ ജനങ്ങൾക്ക് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. അത് കൊട്നു അവർ മോശെയോടു വാദപ്രതിവാദം നടത്തുകയും യഹോവ അവരുടെ ഇടയിൽ ഉണ്ടോ എന്ന് പരീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ വിവാദം എന്ന് അർത്ഥമുള്ള മെറീബ എന്നും പരീക്ഷ എന്ന് അർത്ഥമുള്ള മസ്സാ എന്നും മോശെ ആ സ്ഥലത്തിന് പേരിട്ടു. ഇവിടെ വെച്ചാണ് മോശെ പാറയെ അടിച്ചു വെള്ളം നൽകുന്നത് . ഈ സ്ഥലത്തു വെച്ച് അമാലേക്യരുമായി ഒരു യുദ്ധം ഉണ്ടാവുകയും യോശുവ അതിൽ ജയിക്കുകയും ചെയ്തു.
സീനായ് മരുഭൂമി ( പുറപ്പാട് 19 : 1 -18 , 21 -40 1 . കൊരിന്ത്യർ 10 :7 )
റഫീദീമിൽ നിന്ന് പുറപ്പെട്ടു സീനായ് മരുഭൂമിയിൽ വന്നു .പരമ്പരാഗത ക്രിസ്ത്യൻ ഓർത്തഡോക്സ് വിശ്വാസ പ്രകാരം സീനായ് പർവതം സീനായ് ഉപദ്വീപിൻ്റെ തെക്കേ അറ്റത്തുള്ള കൊടുമുടികളിൽ ഒന്നായ ജബൽ മൂസ എന്നാണ് കരുതപ്പെടുന്നത് . ഇസ്രായേൽ ഇവിടെ ദൈവത്തിൻ്റെ പർവ്വതത്തിനു മുൻപാകെ പാളയമിറങ്ങി. ഇവിടെ യെത്രോ മോശയെ സന്ദർശിച്ചു.പത്തു കല്പനകളും ന്യായപ്രമാണവും നൽകപ്പെട്ടു . ഇസ്രായേൽ പൊന്നു കൊണ്ടുണ്ടാക്കിയ കാളക്കുട്ടിയെ വന്ദിക്കുന്നു. യിസ്രായേൽ ജനത എണ്ണപ്പെടുന്നു . സഭയുടെ കൂടാരം സ്ഥാപിക്കപ്പെടുകയും രണ്ടാമത് പെസഹാ ആചരിക്കപ്പെടുകയും ചെയ്തു.
അടുത്ത ലക്കം : ഭാഗം 3 സീനായ് മുതൽ കാദേശ്ബർന്നയ വരെ