മാനസിക നില പരിശോധിക്കാതെ ട്രാൻസ്‍ജൻഡർ സർജറി ; ബ്രിട്ടീഷ് ആരോഗ്യ വകുപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി യുവാവ്

depressed crying man 3ttu5d81ti0030gd - മാനസിക നില പരിശോധിക്കാതെ ട്രാൻസ്‍ജൻഡർ സർജറി ; ബ്രിട്ടീഷ് ആരോഗ്യ വകുപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി യുവാവ്

തൻ്റെ മാനസിക നില പരിശോധിക്കാതെ ട്രാൻസ്‍ജൻഡർ സർജറി നടത്തിയെന്നാരോപിച്ച് യു.കെ യിലെ ആരോഗൃവകുപ്പിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് 35 കാരനായ റിച്ചി ഹെറോൺ . 2018 ൽ നടന്ന സർജറിയിൽ അനസ്തീഷ്യ മൂലം നല്കപ്പെട്ട മയക്കത്തിൽ നിന്നുണർന്നപ്പോൾ തനിക്കുണ്ടായ തോന്നൽ ” ദൈവമേ ഞാനെന്താണ് ചെയ്തത് ? ” എന്നായിരുന്നുവെന്നു അദ്ദേഹം പറയുന്നു. സർജറിയിൽ ഹെറോണിൻ്റെ ലിംഗവും വൃക്ഷണങ്ങളും നീക്കം ചെയ്തിരുന്നു. ബ്രിട്ടീഷ് പത്രമായ ഡെയിലി മെയ്‌ലിന്‌ നൽകിയ അഭിമുഖത്തിലാണ് ഹെറോൺ തൻ്റെ അനുഭവം വിവരിച്ചത്. സ്വവർഗ്ഗാനുരാഗിയായ ഹെറോൺ , താൻ വിഷാദത്തിനടിമായിരുന്നുവെന്നും തുടർന്ന് ജൻഡർ ഡിസ്‌ഫോറിയ (ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥ) കടുത്തതോടെ ലിംഗമാറ്റ സർജറിക്ക്‌ ഒരുങ്ങുകയുമായിരുന്നു. എന്നാൽ ഈ സർജറിക്കൊരുങ്ങിയത് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും
വലിയ അബദ്ധമായിരുന്നുവെന്നാണ് ഹെറോൺ പറയുന്നത്.

2014 ൽ ആണ് ഹെറോണിന് “ട്രാൻസ് സെക്ഷ്വൽ ” എന്ന രോഗനിർണ്ണയം ലഭിക്കുന്നത് . ഉടൻ തന്നെ സർജറി ലക്ഷ്യമാക്കി സ്വാഭാവിക ഹോർമോൺ വളർച്ച തടയാനുള്ള മരുന്നുകളും കുറിക്കപ്പെട്ടു. പെട്ടെന്ന് തന്നെ ഹെറോൺ തൻ്റെ പേര് അബി എന്നാക്കി മാറ്റുകയും സ്ത്രീകളെപ്പോലെ വേഷം ധരിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം 2015 ൽ , തൻ്റെ രോഗ നിർണയത്തിന് ഏതാണ് മാസങ്ങൾക്കുള്ളിൽ തന്നെ സർജറിക്കായി റെഫർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ വേണ്ടത്ര ബോധ്യപ്പെടാത്തതിനാൽ ഹെറോൺ പിൻവാങ്ങി . അടുത്ത റെഫറൽ വന്നത് 2017 ൽ ആണ് . എന്നാൽ ഒരിക്കൽക്കൂടി ഹെറോൺ പിൻവാങ്ങുകയാണുണ്ടായത് . എന്നാൽ റെഫറൽ ഇനിയും സ്വീകരിച്ചില്ലെങ്കിൽ ന്യൂ കാസിലിലെ എൻ .എച്ച് .എസ് ജൻഡർ ക്ലിനിക്കിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുമെന്ന് തന്നെ അറിയിച്ചുവെന്നാണ് ഹെറോൺ ആരോപിക്കുന്നത്. സർജറിക്ക്‌ മുൻപായി തൻ്റെ മാനസിക നില പരിശോധിക്കണമെന്ന് ബന്ധുക്കൾ പോലും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹെറോൺ പറയുന്നത്. ഒടുവിൽ നിവൃത്തിയില്ലാതെ 2018 ൽ സർജറി നടക്കുകയായിരുന്നുവെന്നു അദ്ദേഹം പറയുന്നു.

തനിക്കു സർജനെ കാണുവാൻ പോലുമുള്ള അവസരം ലഭിച്ചില്ലെന്ന് ഹെറോൺ പറയുന്നു. ലിംഗമാറ്റമെന്നത് ഒരു ഹിമപാതം പോലെ സംഭവിക്കാനിരിക്കുന്ന കാര്യമാണെന്നും തൻ്റെ അനുഭവം മറ്റുള്ളവർക്ക് ഒരു മുൻകരുതലാവണമെന്നും ഹെറോൺ ആഗ്രഹിക്കുന്നു. ഹെറോണിനെപ്പോലെയുള്ള രോഗികൾക്ക് ആജീവനാന്തര വൈദ്യ സംരക്ഷണവും മറ്റു അനന്തര ഫലങ്ങളും നേരിടേണ്ടി വന്നിരിക്കുകയാണെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പീറ്റർ ഹാർട്ട്മാൻ പറഞ്ഞു. ഇംഗ്ളണ്ടിലെ കാംബ്രിയ എൻ എച്ച് എസ് ഫൌണ്ടേഷൻ ട്രസ്റ്റിനെതിരെയാണ് കേസ് നൽകുവാൻ ഒരുങ്ങുന്നതെന്നും ഡെയ്‌ലിമെയ്ൽ റിപ്പോർട്ട് ചെയ്യുന്നു.