ഈ വർഷത്തെ ക്രിസ്ത്യൻ പീഡകരെ ചൂണ്ടിക്കാട്ടി ഐ.സി.സി

Nigeria 2 - ഈ വർഷത്തെ ക്രിസ്ത്യൻ പീഡകരെ ചൂണ്ടിക്കാട്ടി ഐ.സി.സി

ഈ വർഷം ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്ന ശക്തികളെ തിരഞ്ഞെടുത്ത് ക്രൈസ്തവ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) . അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യൻ പീഡകരെയും നൈജീരിയയിലെ ഫുലാനി പോരാളികളെയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെയും ഈ വർഷത്തെ ക്രൈസ്തവ പീഢകർ എന്നു സംഘടന വിശേഷിപ്പിച്ചത്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിക്കിടെയാണ് സംഘടന ഈ വെളിപ്പെടുത്തൽ നടത്തിയത്. ഓൾ ഇസ്രയേലി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഐസിസി പ്രസിഡന്റ് ജെഫ് കിംഗ് ഇതേക്കുറിച്ച് കൂടുതൽ വ്യക്തമാക്കിയത്. വിശ്വാസസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികൾ കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും സഭ ഉറങ്ങുകയാണ് എന്നതാണ് തന്നെ അലട്ടുന്നതെന്ന് ജെഫ് പറഞ്ഞു. ഇന്ന് നൈജീരിയയിൽ ക്രിസ്ത്യാനിയാകുക എന്നത് ഒരു പേടിസ്വപ്നമാണ്, ഉത്തരകൊറിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മറ്റ് രാജ്യങ്ങളിൽ, ക്രിസ്ത്യാനികൾ കടുത്ത വിവേചനം മൂലം പീഡിപ്പിക്കപ്പെടുന്നു. നിരവധി ഇരകളുമായും സാക്ഷികളുമായും ഐസിസി ഉദ്യോഗസ്ഥർ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ജെഫ് പറഞ്ഞു. ചൈന, അൾജീരിയ, ഈജിപ്ത്, പാകിസ്ഥാൻ, നൈജീരിയ എന്നിവിടങ്ങളിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയ്ക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വംശഹത്യയിലൂടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെയുമാണ് ഈ രാജ്യങ്ങളിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് . ഭരണകൂടങ്ങളിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും രാജ്യങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം ഭീഷണി നേരിടുന്നു. ക്രൈസ്തവ മൂല്യങ്ങൾക്കെതിരെയുള്ള എതിർപ്പ് പടിവാതിൽക്കൽ എത്തിയിട്ടും സഭയും ക്രൈസ്തവ സമൂഹവും ഉണർന്നിട്ടില്ലാത്തതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.