ആമിഷുകളുടെ നാട്ടിൽ ഒരു ദിവസം

Amish Village - ആമിഷുകളുടെ നാട്ടിൽ ഒരു ദിവസം

By

Bimal John

Bimal 1 - ആമിഷുകളുടെ നാട്ടിൽ ഒരു ദിവസം

ഞങ്ങൾ സഞ്ചരിച്ച കൊച്ചു ബഗ്ഗിയും വലിച്ചു കൊണ്ട് ഒരു ചെറുകയറ്റം കയറിത്തുടങ്ങുകയായിരുന്നു  ജ്യുവൽ എന്ന് പേരുള്ള ആ പെൺകുതിര. പെട്ടെന്നാണ്  കുതിരക്കാരൻ ജയിംസ് അപ്പൂപ്പൻ  എന്നോട് ചോദിച്ചത്.  “താങ്കൾ  അത് കണ്ടോ ? ഇടതു വശത്തേക്ക് നോക്കൂ ” .  കണ്ണെത്താ ദൂരത്തോളം   നീണ്ടു  കിടക്കുന്ന ചോളപ്പാടങ്ങളും കാലികൾ  മേഞ്ഞു നടക്കുന്ന പുൽമേടുകളും നിറഞ്ഞ ലങ്കാസ്റ്ററിൻ്റെ  ആ ചെറുവീഥിയിൽ ഞാനെൻ്റെ  കണ്ണുകൾ ഇടത്തേക്ക് തിരിച്ചു. ഒരു കളിപ്പന്തു മൈതാനത്തിൻ്റെ  വലിപ്പമുളള, വേലിക്കെട്ടുകൾ ഒന്നും തന്നെയില്ലാത്ത ആ ചെരുവിൽ നിര നിരയായി  കൃത്യമായ അകലത്തിൽ  നാട്ടിയിരിക്കുന്ന നൂറുകണക്കിന്  കൽഫലകങ്ങൾ. എന്നാൽ  ഒരു കുരിശുപോലും  കാണാനില്ലതാനും. ” ഇതൊരു  സെമിത്തേരിയല്ലേ ? ഞാൻ ചോദിച്ചു.  ” അതെ , സെമിത്തേരി തന്നെ , പക്ഷെ നോക്കൂ , നിങ്ങൾ  ഈ സെമിത്തേരിയിൽ എന്തെങ്കിലും പ്രത്യേകത  കാണുന്നുണ്ടോ ? എൻ്റെ  മറുപടിക്കു കാക്കാതെ ജെയിംസ് അപ്പൂപ്പൻ   തുടർന്നു . ഇതാണ്  ആമിഷുകളുടെ  സെമിത്തേരി.  എല്ലാ കൽഫലകങ്ങളും കിഴക്കു ഭാഗത്തേക്കു നിൽക്കുന്നത് കണ്ടോ ?   അതവരുടെ ഒരു പരമ്പരാഗത വിശ്വാസത്തിൻ്റെ  ഭാഗമായി ചെയ്തിരിക്കുന്നതാണ് . അന്ത്യനാളിൽ കാഹളം ധ്വനിക്കുമ്പോൾ , നമ്മുടെ കർത്താവ്  ആകാശത്തിൽ കിഴക്കു ഭാഗത്തു നിന്നാണ് പ്രത്യക്ഷനാവുക എന്നാണവരുടെ വിശ്വാസം . അതിനാലാണ് അവരിൽ മരിച്ചവരെ  കിഴക്കു ഭാഗത്തേക്ക് തിരിച്ചു  അടക്കം ചെയ്തിരിക്കുന്നത്. ജെയിംസ് അപ്പൂപ്പൻ പറഞ്ഞു നിർത്തി . ലങ്കാസ്റ്റർ   എനിക്കായി കാത്തുവെച്ച അനേകം കൗതുകങ്ങളിൽ ഒന്നായിരുന്നു  ആ അറിവ്.

ആരാണ് ഈ  ആമിഷുകൾ ?

ആധുനിക ബാപ്റ്റിസ്റ്റ് പ്രസ്ഥാനത്തിൻ്റെ  ആദിരൂപമായി പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ രൂപം  കൊണ്ട ‘അന ബാപ്റ്റിസ്റ്റ്’ നവീകരണ ചിന്താധാര മൂന്ന് പ്രധാന സാമൂഹ്യ കൂട്ടായ്മകൾക്കാണ്  തുടക്കം കുറിച്ചത്. ആമിഷ് , മനോനൈറ്റ് ,ബ്രെദറൺ  എന്നിവയായിരുന്നു അവ.  ഈ മൂന്ന് കമ്മ്യൂണിറ്റികളിൽ ഏറ്റവും യാഥാസ്ഥിതിക വിശ്വാസം പുലർത്തിയിരുന്നത് ആമിഷുകാരായിരുന്നു. 1693 ൽരൂപം കൊണ്ട ആമിഷ് വിശ്വാസ  സമൂഹത്തിൻ്റെ  തലവൻ സ്വിറ്റ്‌സർലണ്ടുകാരനായ  ജേക്കബ് അമൻ എന്ന മുൻ മനോനൈറ്റ് ബിഷപ്പായിരുന്നു.  . വിശുദ്ധ  വേദപുസ്തകത്തെ  ഇഹ ലോക ജീവിതത്തിലെ  വിശ്വസനീയ വഴികാട്ടിയായി അംഗീകരിച്ചു വേദോപദേശങ്ങളെ ജീവിതത്തിൽ പ്രമാണമാക്കി, അത് അക്ഷരം പ്രതി പാലിച്ചു ജീവിക്കുന്ന ഒരു സമൂഹമായി അവർ മാറുകയായിരുന്നു .  

 “തിരഞ്ഞെടുക്കപ്പെട്ട ജാതി , രാജകീയ പുരോഹിത വർഗ്ഗം , വിശുദ്ധ വംശം ,  ദൈവത്തിൻ്റെ സ്വന്ത ജനം” (1പത്രോസ് 2:9)  “ഈ ലോകത്തോട് അനുരൂപപ്പെടാതിരിക്കുക” (റോമർ 12:2), “ലോകത്തെയോ ലോകത്തിലുള്ളതിനെയോ  സ്നേഹിക്കരുത് ” (1 യോഹന്നാൻ 2:15)  “ലോകത്തോടുള്ള  സ്നേഹം ദൈവത്തോടുള്ള ശത്രുത്വം” (യാക്കോബ് 4:4) എന്നീ വേദവാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് ആമിഷുകാർ സമൂഹത്തിൽ നിന്നകന്ന്  തങ്ങളുടേതായ ലോകം കെട്ടിപ്പടുത്തത് . വൈദ്യുതി ഉപയോഗിക്കാതെയും മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യതെയും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും,  അമേരിക്ക പോലെയുള്ള   സാങ്കേതിക വിദ്യയിലും ജീവിത സൗകര്യങ്ങളിലും മുന്നിൽ നില്‌ക്കുന്ന  ഒരു   രാജ്യത്തിലും, അവർ  തങ്ങളുടെ വിശ്വാസം  പിന്തുടരുന്നുവെന്നത്   അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.  അനബാപ്റ്റിസ്റ്റ്  വിശ്വാസികൾ  യൂറോപ്പിൽ കത്തോലിക്കാ സഭയിൽ നിന്നും മറ്റു പ്രൊട്ടസ്റ്റന്റ്കാരിൽ  നിന്നും പീഡനം നേരിട്ട് തുടങ്ങിയതോടെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലേക്കുള്ള ആമിഷ് സമൂഹത്തിൻ്റെ കുടിയേറ്റം ആരംഭിച്ചത്.  പെൻസിൽവാനിയ സംസ്ഥാനം  സ്ഥാപിച്ച വില്യം പെന്നിൻ്റെ  മതസഹിഷ്ണുതാ നയത്തിൽ ആകൃഷ്ടരായാണ് അമേരിക്കയിലെ  മറ്റേതാനും പ്രദേശങ്ങളിലെന്നപോലെ   പെൻസിൽവാനിയയിലേക്കും  ആമിഷുകാർ കുടിയേറിയത്. ഇന്ന്  പെൻസിൽവാനിയിൽ  മാത്രം 84,100 ആമിഷുകാരും അമേരിക്കയിലെ  മറ്റു സ്റ്റേറ്റുകളിൽ എല്ലാം കൂടി  271,560 പേരും അധിവസിക്കുന്നു.

ആമിഷ് ജീവിത രീതികൾ

കൃഷിയും കന്നുകാലി വളർത്തലുമാണ് ആമിഷുകാരുടെ ജീവിതോപാധികൾ. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ സ്വന്തമായുള്ളവരാണ് മിക്ക ആമിഷ് കുടുംബങ്ങളും. വൈദ്യുതി ഉപയോഗിക്കുന്നത് നിഷിദ്ധമാകയാൽ  ഹൈഡ്രോ കാർബൺ വാതകമായ പ്രൊപ്പൈൻ ആണ്  പാചകം ചെയ്യുവാനും വീടിനുള്ളിൽ ചൂട് നിലനിർത്തുവാനും ഉപയോഗിക്കുന്നത്.  ചോളം , പുകയില  എന്നീ  വിളകളാണ് ഇവർ കൃഷി ചെയ്യാറുള്ളത്.  ആധുനിക സാങ്കേതിക വിദ്യകളും  വാർത്ത മാധ്യമങ്ങളും ഉപയോഗിക്കുന്നത് ഇവർ പാപമായി കരുതുന്നു. ലളിതവും പാരമ്പരാഗതവുമായ വസ്ത്രധാരണ ശൈലിയാണ് ഇവർ പിന്തുടരുന്നത് . മീശയില്ലാതെ നീട്ടിവളർത്തിയ താടിയും തലയിൽ കറുത്ത തൊപ്പിയുമായാണ് ആമിഷ് പുരുഷന്മാർ കാണപ്പെടുക. സ്ത്രീകളാവട്ടെ  നീളൻ ഫ്രോക്കും സ്കാർഫുമാണ് വേഷമാക്കിയിരിക്കുന്നത്. സാധാരണയായി അവിവാഹിതർ വെളുത്ത നിറമുള്ള വസ്ത്രങ്ങളും  വിവാഹിതരായ സ്ത്രീകൾ  ധൂമ്രനൂൽ അല്ലെങ്കിൽ കറുത്ത നിറമുള്ള വസ്ത്രങ്ങളുമാണ് ധരിക്കാറുള്ളത് . സ്വന്തം പള്ളികളിൽ  മാത്രമേ ആമിഷുകാർ ആരാധനയിൽ പങ്കെടുക്കാറുള്ളൂ . ഫോട്ടോ എടുക്കുന്നതും ചിത്രങ്ങളും ഏതെങ്കിലും രൂപങ്ങളും നിമ്മിക്കുന്നതും ഇവർക്കിടയിൽ വിലക്കപ്പെട്ടിരിക്കുന്നു .  ചെറുപ്പം മുതലേ  കുട്ടികൾ അവരുടെ മാതാപിതാക്കളെ ഫാമുകളിലോ മറ്റ് തരത്തിലുള്ള ബിസിനസ്സുകളിലോ സഹായിക്കുന്നു. ഭക്ഷണവിഭവങ്ങൾ ,  ടിന്നിലടച്ച ഭക്ഷണം, മരപ്പണി എന്നിവയ്ക്ക് ആമിഷുകൾ  ഏറെ പ്രശസ്തരാണ്. സ്വയം നിർമ്മിച്ച സോപ്പുകൾ ഉപയോഗിച്ച്,  കൈകൊണ്ടു വസ്ത്രങ്ങൾ കഴുകി   വെയിലത്തുണക്കാറാണ്  പതിവ്. അമിഷുകൾ  രാഷ്ട്രീയത്തിൽ  ഭാഗഭാക്കാവാറില്ല. സമാധാനവാദികൾ എന്ന നിലയിൽ അവർ സൈന്യത്തിൽ ചേരാറുമില്ല . അവർ അമേരിക്കൻ ഗവർമെൻറ് നൽകുന്ന  സാമൂഹിക സുരക്ഷയും മിക്ക തരത്തിലുള്ള ഇൻഷുറൻസുകളും നിരാകരിക്കുന്നു, പക്ഷേ ആമിഷുകൾ  ഡോക്ടർമാരെയും ദന്തഡോക്ടർമാരെയും ഒപ്റ്റിഷ്യൻമാരെയും സന്ദർശിക്കാറുണ്ട് . യഥാർത്ഥ ക്രിസ്ത്യാനികൾ ലോകത്തിൻ്റെ  വഴികൾ പിന്തുടരരുതെന്ന് അമിഷുകൾക്കു  നിർബന്ധമുള്ളതിനാൽ  ഓട്ടോമേറ്റഡ് വാഹനങ്ങളുടെ ഈ കാലഘട്ടത്തിലും  തങ്ങളുടെ കുതിരകൾ വലിക്കുന്ന, ബഗ്ഗി എന്നറിയപ്പെടുന്ന വണ്ടിയിൽ  മാത്രം യാത്ര ചെയ്യുക എന്നത്   ആമിഷുകാരുടെ രീതിയാണ് . പുതുമകൾ നിറഞ്ഞ ഒരു ലോകത്ത് തങ്ങളെത്തന്നെ വേർതിരിച്ചറിയാനുള്ള ഒരു മാർഗമായാണ് കുതിരവണ്ടികളെ  അവർ കരുതുന്നത് . മോട്ടോർ വാഹനങ്ങളോട് പ്രത്യേക വിരോധമൊന്നും ആമിഷുകാർക്കില്ലെങ്കിലും അവയുടെ  അനിയന്ത്രിതമായ ഉപയോഗം  തങ്ങളുടെ  സമൂഹത്തിനും കുടുംബത്തിനും ദോഷം വരുത്തുമെന്നവർ വിശ്വസിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ലളിതമായ ജീവിതം ,  ആധുനിക  സാങ്കേതികത വിദ്യകളുടെ ഉപയോഗത്തിൽ നിന്നും അകലം പാലിക്കൽ,  ലാളിത്യമാർന്ന  വസ്ത്രധാരണം എന്നിവയാണ് ആമിഷ് ജീവിതത്തിൻ്റെ  മുഖമുദ്ര.

ഭാഷയും  വിദ്യാഭ്യാസവും

ആമിഷുകൾക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജർമ്മൻ കുടിയേറ്റക്കാ അവതരിപ്പിച്ച ഒരു ഭാഷയായ പെൻസിൽവാനിയ ഡച്ച് ആണ് അവർ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. ഒരു രണ്ടാം ഭാഷയായി  (ജർമ്മൻ) പഠിക്കുന്നത് ആമിഷുകാർക്ക്  നിർബന്ധമാണ്,  അവരുടെ ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും പ്രധാനമായും ജർമ്മൻ ഭാഷയിലാണ് എഴുതിയിരിക്കുന്നുവെന്നതാണ്   ഈ ഭാഷ പഠിക്കുന്നതിനു  അവർ പ്രാധാന്യം നൽകാൻ കാരണം. ആമിഷ് കുട്ടികൾ  പൊതുവിദ്യാലയങ്ങളിൽ പോകാറില്ല. അവരുടെ സ്വന്തം സ്‌കൂളുകളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത് .എട്ടാം ക്ലാസ് വരെ മാത്രമേ അമിഷ് കുട്ടികൾക്ക് വിദ്യാഭ്യാസം   നല്കാറുള്ളു . സ്‌കൂളുകളിൽ  ഇംഗ്ലീഷിലാണ് അധ്യാപനം നടത്തുന്നത് .വായന, എഴുത്ത്, ഗണിതം എന്നിവയുടെ അടിസ്ഥാനകാര്യങ്ങളിൽ പഠനം  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഇതിനു പുറമെ അമിഷ് ചരിത്രവും പ്രായോഗിക കൃഷിയും ഗൃഹനിർമ്മാണ കഴിവുകളും സ്‌കൂളുകളിൽ  പഠിപ്പിക്കുന്നു.

വിവാഹവും കുടുംബ ജീവിതവും

അമിഷ് സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക യൂണിറ്റാണ് കുടുംബം. ഏഴ് മുതൽ പത്ത് വരെ കുട്ടികളുള്ള വലിയ കുടുംബങ്ങൾ സാധാരണമാണ്.വലിയ കുടുംബങ്ങൾ ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് അമിഷുകാർ  വിശ്വസിക്കുന്നു. ആമിഷ് ഭവനത്തിൽ ലിംഗഭേദമനുസരിച്ചു   ജോലികൾ വ്യക്തമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുരുഷൻമാർ  സാധാരണയായി ഫാമിൽ ജോലി ചെയ്യുന്നു, ഭാര്യമാരാകട്ടെ  കഴുകൽ, വൃത്തിയാക്കൽ, പാചകം, മറ്റ് വീട്ടുജോലികൾ എന്നിവ ചെയ്യുന്നു.  സാധാരണയായി പിതാവ് ഒരു ആമിഷ് കുടുംബത്തിൻ്റെ  തലവനായി കണക്കാക്കപ്പെടുന്നു.വിളവെടുപ്പിന് ശേഷം നവംബർ മുതൽ ഡിസംബർ ആദ്യം വരെയുള്ള ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സാധാരണ വിവാഹങ്ങൾ നടക്കുന്നത്. ആമിഷ്  വധുക്കൾ  പുതിയ നീല ലിനൻ വസ്ത്രമാണ് ധരിക്കാറുള്ളത്. മേക്കപ്പ് ധരിക്കുകയോ  വിവാഹമോതിരം   സ്വീകരിക്കുകയോ ചെയ്യാറില്ല , സ്വകാര്യ ആഭരണങ്ങൾ  ഉപയോഗിക്കുന്നത് ആമിഷ് സമൂഹത്തിൽ നിരോധിക്കപ്പെട്ടിരിക്കുന്നു .വിവാഹ ചടങ്ങ് പൊതുവെ  നിരവധി മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഒന്നാണ് , തുടർന്ന്  വിരുന്ന്, പാട്ട്, കഥപറച്ചിൽ എന്നിവ ഉൾപ്പെടുന്ന ഒരു സമൂഹ സ്വീകരണം നവദമ്പതികൾക്ക് നൽകുന്നു  .

ആമിഷ്  ജനതയും  ആധുനിക ക്രൈസ്തവ സമൂഹവും

ക്രിസ്തുവിനെ അനുഗമിക്കാൻ അവരെ സഹായിക്കുന്ന തിരഞ്ഞെടുപ്പുകളാണ് അമിഷുകൾ തങ്ങളുടെ ജീവിത ക്രമീകരണത്തിലൂടെ നടത്തുന്നത് . ലോകത്തിൽ നിന്ന് തങ്ങളെത്തന്നെ വേർപെടുത്തുന്നതിലൂടെ, അവർ പ്രലോഭനങ്ങളും  അനാവശ്യകാര്യങ്ങളിലേക്കുള്ള   ശ്രദ്ധയും ഇല്ലാതാക്കുന്നു. അമിഷുകൾ അവരുടെ വിശ്വാസവും കുടുംബവും ജീവിതരീതിയും നിലനിർത്തിക്കൊണ്ട് ആധുനിക ലോക സംസ്കാരത്തിന്  വിരുദ്ധ ജീവിതം നൂറ്റാണ്ടുകളായി നയിച്ചുകൊണ്ടിരിക്കുന്നു . ലോകം നൽകുന്ന പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ലോകത്ത് ജീവിക്കുന്നതിന്റെ അത്ഭുതകരമായ ഉദാഹരണമാണ് അവർ. ക്രിസ്തീയ വിശ്വാസത്തിനു ഈ കാലഘട്ടത്തിൽ  ലോകമെമ്പാടും വെല്ലുവിളികൾ ഉയർന്നുകൊണ്ടിരിക്കുകയാണ് . വിശ്വാസ സ്വാതന്ത്ര്യത്തിനായി ആമിഷുകൾ തിരഞ്ഞെടുത്ത അമേരിക്കയെ നിർവചിച്ച ക്രിസ്ത്യൻ സംസ്കാരവും  ഇന്ന്   ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്കാരികമായി സ്വീകാര്യമല്ലാത്തപ്പോൾ ക്രിസ്തു അനുയായികൾ എങ്ങനെ ആയിരിക്കണമെന്നതിന്റെ പാഠങ്ങൾ  ആമിഷുകൾ നമുക്ക് പറഞ്ഞു തരുന്നു . ക്രിസ്തുവിനെ പിൻപറ്റുവാനായി മാറി മാറി വരുന്ന ഫാഷനുകൾ രൂപപ്പെടുത്തുന്ന ഈ ലോകത്തു ആമിഷുകൾ തങ്ങളെ  എളിമയിൽ രൂപപ്പെടുത്തുന്നു . ആശയവിനിമയത്തിനും സമൂഹ- വാർത്താ മാധ്യമങ്ങൾക്കും  ആധുനിക ലോകം  വിലകല്പിക്കുമ്പോൾ  ആമിഷ് ജനത സമൂഹത്തെ വിലമതിക്കുന്നു, അതിനാൽ അവർ അവരുടെ വീടുകളിൽ ടെലിഫോൺ പോലും ഇല്ലാതെ ജീവിക്കുന്നു. ആധുനിക ലോകം സമ്പത്തിനെയും ശക്തിയെയും  വിലമതിക്കുമ്പോൾ ആമിഷുകാർ താഴ്മയെ ജീവിതത്തിലെ ഉയർന്ന മൂല്യമായി വിലകല്പിക്കുന്നു.

ലാൻകാസ്റ്ററെന്ന ദൈവത്തിൻ്റെ  സ്വന്തം നാട്

പെൻസിൽവാനിയ സംസ്ഥാനത്തെ  ഏറ്റവും മനോഹര പ്രദേശങ്ങളൊന്നാണ് ലാൻകാസ്റ്റർ , ആമിഷുകാർ ഏറ്റവും കൂടുതൽ താമസിക്കുന്നയിടം. ആമിഷ് ജീവിതമടുത്തറിഞ്ഞുകൊണ്ടുള്ള യാത്രയും ഒരു ഫാം ഹൌസിലെ താമസവും വിസ്മയിപ്പിക്കുന്ന ഒരു യാത്രാനുഭവമാണ് സമ്മാനിച്ചത്. നീണ്ടുകിടക്കുന്ന കൃഷിയിടങ്ങൾക്കും വിചിത്രമായ പഴയകാല ഗ്രാമങ്ങൾക്കുമിടയിൽ  നാടൻ മനോഹാരിതയുടെ ആസ്വാദനം ആവോളം നുകരാൻ സഞ്ചാരികൾക്കു കഴിയും. കുതിരകൾ  വലിക്കുന്ന പല വലിപ്പത്തിലുള്ള ആമിഷ് ബഗ്ഗികൾ തെരുവുകളിലുടനീളം  സഞ്ചരിക്കുന്നു. കുതിരകളെപ്പൂട്ടി  നിലമുഴുന്ന ആമിഷ് കർഷകരും നൂറ്റാണ്ടുകൾ പഴക്കമുള്ള വേഷവിധാനങ്ങളുമായി കുലീനത്വം നിറഞ്ഞ പുഞ്ചിരിയുമായി കടന്നു പോകുന്ന ആമിഷ്  വനിതകളും ലാൻകാസ്റ്ററിൽ നമ്മെ   കാലത്തിനു പിന്നിലേക്ക് സഞ്ചരിച്ച ഒരു ടൈം ട്രാവലർ ആക്കി മാറ്റും.  ചരിത്രമുറങ്ങുന്ന  ദേവാലയങ്ങളും  പുരാതന മാർക്കറ്റുകളും  ആമിഷ് രുചിഭേദങ്ങൾ  ആസ്വദിക്കാവുന്ന ഭക്ഷണശാലകളും  ലാൻകാസ്റ്ററിൽ  നിരവധിയായുണ്ട് .  ആമിഷ് ജീവിതരീതികൾ  നേരിൽ കാണുവാൻ നിരവധി സന്ദർശകർ ഇവിടെയെത്തുന്നു.  ബൈബിളിലെ ചരിത്രസംഭവങ്ങൾ  അരങ്ങിൽ ആവിഷ്ക്കരിക്കുന്ന സൈറ്റ്  ആൻഡ് സൗണ്ട് തിയേറ്റർ ലാൻകാസ്റ്ററിലെ മുഖ്യ ആകർഷണമാണ് . നോഹയുടെ ചരിത്രമാണ് അരങ്ങിലെങ്കിൽ പെട്ടകത്തിലേക്കു  ഈരണ്ടീരണ്ടായി  നടന്നു കയറുന്ന ജീവനുള്ള പക്ഷി മൃഗാദികളെ  മുൻവശത്തു മാത്രമല്ല ഇരുവശങ്ങളിൽക്കൂടി  വേദിയുള്ള ഈ തീയേറ്ററിൽ കാണാം.  ഫാം ഹൌസുകളിൽ  അന്തിയുറങ്ങാനുള്ള  സൗകര്യവും  അമേരിക്കയിലെ ആദ്യ റെയിൽ റോഡ് ആയ സ്ട്രാറ്റസ്ബർഗ്  റെയിൽ ലൈനിലൂടെ ടൂറിസ്റ്റ് ട്രെയിനുകളിൽ സഞ്ചരിക്കുവാനും  തൊട്ടടുത്ത  പുരാതന മെനോനൈറ്റ്  പട്ടണമായ ലിറ്റിറ്റിസിൽ നിലകൊള്ളുന്ന ചോക്കലേറ്റ് ഫാക്ടറിയും ഇവിടത്തെ മറ്റു ആകർഷണങ്ങൾ ആണ്. ആമിഷ്  രുചിവൈവിദ്ധ്യം കൊണ്ടുമാത്രം അമേരിക്കയിലെ മികച്ച  പത്തു റെസ്റോറന്റുകളിൽ ഒന്നായി മാറിയ  ഷെയ്‌ഡി മേപ്പ്ൾസും  ഇവിടെയുണ്ട്.   

                                                              മടക്കയാത്രയിൽ  ഒരിക്കൽക്കൂടി  ആ ആമിഷ് സെമിത്തേരിക്കരികിലൂടെ വാഹനമോടിക്കവേ  ദൃഢവും അചഞ്ചലവുമായ ക്രൈസ്തവ വിശ്വാസത്തിൻ്റെ  പ്രതീകമെന്നോണം കിഴക്കോട്ടു തിരിഞ്ഞു നിൽക്കുന്ന  കാൽഫലകങ്ങളിലേക്ക്  എൻ്റെ  കണ്ണുകൾ പാഞ്ഞു.  കാഹളനാദം മുഴക്കി നമ്മുടെ കർത്താവ്  വാനിൽ വെളിപ്പെടുമ്പോൾ  ഈ ലോകത്തിനനുരൂപരാകാതെ വിശ്വാസജീവിതം നയിച്ച് മണ്ണോടു ചേർന്ന  ഈ ആമിഷ് പുരുഷാരം കല്ലറകളിൽ നിന്ന് ഉയിർത്തില്ലെങ്കിൽ പിന്നെയാര് എന്ന് ഞാൻ എന്നോട് ചോദിച്ചു .ഞായറാഴ്ച  ആരാധനകളിലെന്നോ പാടിപ്പതിഞ്ഞ  ആ വരികൾ  എൻ്റെ  മനസ്സിലേക്കോടിയെത്തി .

ക്രിസ്തനിൽ നിദ്രകൊണ്ടൊരീ

ശോഭിത പ്രഭാതത്തിൽ

ക്രിസ്തൻശോഭ ധരിപ്പാനുയർത്തുതാൻ

ഭക്തർ ഭവനെ ആകാശമപ്പുറം  കൂടീടുമ്പോൾ

പേർ  വിളിക്കുന്നേരം കാണും എൻ പേരും