ഈശാനമൂലൻ എന്ന കൊടുങ്കാറ്റ്

Eoroclydon Image - ഈശാനമൂലൻ എന്ന കൊടുങ്കാറ്റ്

അന്നൊരു തിങ്കളാഴ്ച ആയിരുന്നു. ആഴ്ചവട്ടത്തിന്റെ രണ്ടാം ദിനം. പുലർച്ചെ അഞ്ചരയ്ക്കാണ് എന്നും ഉറക്കമുണരാറുള്ളത്. അല്പം വൈകിയാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് ഓഫീസിൽ സമയത്തിനെത്താൻ സാധിച്ചെന്നു വരില്ല. മൊബൈൽ ഫോണിലെ ഘടികാരം പതിവു പോലെ സംഗീതം മുഴക്കി. എന്താണ് എഴുന്നേൽക്കാൻ ഒട്ടും ഉന്മേഷമില്ലാത്തതതെന്നു ഞാൻ ആലോചിച്ചു. കഴുത്തിൽ കൈ വെച്ചു നോക്കിയപ്പോൾ നല്ല ചൂടുണ്ട്. പനി വല്ലതുമാണോ? എങ്കിൽ പുലിവാലായത് തന്നെ. ഓഫീസ് ബിൽഡിംഗിലേക്കുള്ള പ്രവേശന കവാടത്തിൽ ടെമ്പറേച്ചർ പരിശോധിച്ച ശേഷം നോർമലാണെങ്കിൽ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. അത്രയും ദൂരം കാറോടിച്ച് പോയി തിരിച്ചു വരികയെന്നത് അബദ്ധമാണ്. അതിനാൽ കിടക്കയിൽ നിന്നെഴുന്നേറ്റ് വീട്ടിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ടെമ്പറേച്ചർ മെഷീൻ തിരഞ്ഞു കണ്ടു പിടിച്ചു. നോക്കിയപ്പോൾ ശരിക്കും ഞെട്ടി. നൂറ്റി രണ്ട് ഡിഗ്രി , അതായത് ലോ ഗ്രേഡ് ഫീവറുണ്ട്. സ്വയം ചികിത്സ ഒന്നും ഫലിച്ചില്ലെന്ന് പിറ്റേന്ന് രാവിലെയും തിങ്കളാഴ്ചത്തെ കഥ ആവർത്തിച്ചപ്പോൾ ബോധ്യപ്പെട്ടു. ഇനിയെന്താണ് ബാക്കിയുള്ളത് ? ഓ ,ടെസ്റ്റിംഗ് . മൂന്നാം ദിവസം രാവിലെയെത്തിയ പ്രൈമറി ഡോക്ടർ ചാൾസിന്റെ ഫോൺ കോളോടു കൂടി ആ കാര്യത്തിലും ഒരു തീരുമാനമായി. പോസിറ്റീവാണത്രേ. ഒരു കാര്യം ഉറപ്പായി . ഇനിയുള്ള ദിവസങ്ങൾ വളരെ നിർണ്ണായകമാണ്.

പിന്നെ ഒരു കാര്യം , ഇനിയങ്ങോട്ട് കഥ അല്പം ശോകമാണ് ആഴ്ച ഒന്നു പിന്നിടുമ്പോഴും ടെമ്പറേച്ചർ മെഷീൻ തുടങ്ങിയിടത്തു തന്നെയാണ് . മുൻപോട്ടുമില്ല , പുറകോട്ടുമില്ല. രുചിക്കും ഗന്ധത്തിനുമൊപ്പം വിശപ്പും അന്യമായിരിക്കുന്നു. കിടക്കയിൽ ഏറിയാൽ രണ്ടോ മൂന്നോ മിനിട്ട് എഴുന്നേറ്റിരിക്കാം . കടുത്ത ക്ഷീണം അതിനകം തന്നെ എന്നെ വീണ്ടും കിടക്കയിലേക്ക് തള്ളിയിരിക്കും . ബാത്ത്റൂമിൽ കയറി ഒന്നു മേൽ കഴുകിത്തുടങ്ങിയ എനിക്ക് ശ്വസിക്കാൻ സാധിക്കുന്നില്ല എന്നു ഞെട്ടലോടെ മനസ്സിലാക്കി. ഇനി എന്താണ് ? എന്റെ രോഗ ലക്ഷണങ്ങൾ വർദ്ധിക്കുമോ അല്ലെങ്കിൽ കുറയുമോ? ആർക്കറിയാം , ഒരാൾക്ക് മാത്രമറിയാം . ഈ പ്രപഞ്ചത്തെയും സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചയാൾക്കു മാത്രം. . ഒരല്പം ബലം തോന്നിയ നിമിഷങ്ങളിൽ ഞാൻ കണ്ണുകളുയർത്തി കൈകൾ കൂപ്പി. ഒരാഴ്ച പിന്നിട്ടിരിക്കുന്നു ദൈവമേ , ടെമ്പറേച്ചർ എങ്കിലും ഒന്നു കുറഞ്ഞിരുന്നെങ്കിൽ എന്നു പ്രാർത്ഥിച്ചു. ആ നിമിഷങ്ങളിലെങ്ങോ , സന്ധ്യാപ്രാർത്ഥനകളിൽ ഞങ്ങൾ ആലപിക്കാറുള്ള ഒരു പ്രാർത്ഥനാ ഗീതത്തിന്റെ ഏതാനും ഈരടികൾ എന്റെ മനസ്സിൽ വന്നു. അപ്പോഴെല്ലാം ഞാനതു ഉറക്കെയും ബലം ക്ഷയിക്കവേ നിശബ്ദമായും പാടിക്കൊണ്ടിരുന്നു.

ഈശാനമൂലൻ അടിച്ചിടുമ്പോൾ

ആശാവിഹീനൻ ഞാനായിടുമ്പോൾ,

ഞാനാകുന്നവൻ ഞാനാകുന്നെന്ന

ഇമ്പമാം ശബ്ദം പിൻപിൽ കേട്ടീടും ..

മലയാളം ബൈബിളിലെ അപ്പോസ്തലൻമാരുടെ പ്രവർത്തികൾ എന്ന പുസ്തകത്തിലാണ് മെഡിറ്ററേനിയൻ സമുദ്രത്തിൽ വീശുന്ന വടക്കു കിഴക്കൻ കാറ്റ് എന്നർത്ഥം വരുന്ന ഈശാനമൂലൻ എന്ന സംസ്കൃത പദം ഉപയോഗിച്ചിരിക്കുന്നത് . eurokludon എന്ന ഗ്രീക്ക് പദത്തിന് തത്തുല്യമായി ഈ പദമാണ് സംസ്കൃത പണ്ഡിതരായിരുന്ന ബൈബിൾ വിവർത്തകർ അന്നു തിരഞ്ഞെടുത്തത്. വിശുദ്ധ പൗലോ ശ്ലീഹാ കപ്പൽ യാത്ര ചെയ്യവേ ഈശാന മൂലൻ വീശുകയും കപ്പൽ വഴി മാറി മെലീത്താ എന്ന ഒരു ദ്വീപിൽ അദ്ദേഹം എത്തപ്പെടുകയും തുടർന്ന് തടവറയിലായ അദ്ദേഹത്തിന് ദൈവിക ദർശനം ഉണ്ടാകുകയും ചെയ്തു എന്നാണ് അപ്പോസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഏതു ദിശയിൽ നിന്നും വീശിയടിച്ച് കടലിനെ പ്രക്ഷുബ്ധമാക്കും എന്നതാണത്രെ ഈശാന മൂലന്റെ പ്രത്യേകത.

ഇനിയേതു മരുന്ന് നൽകണമെന്നറിയാതെ , അതിർവരമ്പുകളിലെത്തി നിൽക്കുന്ന ഓക്സിജൻ ലെവൽ നോക്കി നെടുവീർപ്പെട്ടു കൊണ്ട് എന്റെ ജീവിത സഖി നില്ക്കവേ , ജ്വരം സമ്മാനിച്ച തുടർച്ചയായ ദു:സ്വപ്നങ്ങൾക്കൊടുവിൽ ഒരു രാത്രിയിൽ ഞാനൊരു വ്യത്യസ്തമായ സ്വപ്നം കണ്ടു. മൂന്നാർ പോലെയൊക്കെ തോന്നിക്കുന്ന ഒരു മനോഹരമായ പ്രദേശത്ത് ഒരു കുന്നിൽ ചെരുവിലെ തേയിലത്തോട്ടത്തിലെ മുട്ടോളമെത്തുന്ന ചെടികൾക്കിടയിൽ ഞാൻ ഏകനായി നിൽക്കുന്നു. പെട്ടെന്നെന്റെ ഉപബോധ മനസ്സിൽ ഞാൻ ഓർത്തെടുത്തു , . ഈ സ്വപ്നം ഞാൻ മുമ്പ് കണ്ടിട്ടുണ്ട് . എപ്പോഴാണ് ? അതെ മുമ്പൊരിക്കൽ എനിക്ക് പനി വന്നപ്പോൾ , ഞാൻ ഇതേ സ്വപ്നം കാണുകയും ഞാൻ താമസിയാതെ സുഖപ്പെടുകയും ചെയ്തു എന്ന് എനിക്ക് തോന്നി. പെട്ടെന്ന് ഞാൻ അലറിക്കൊണ്ട് എന്നോടു തന്നെ പറഞ്ഞു ” You Are Healed” . അതെ , എനിക്ക് സൗഖ്യമായിരിക്കുന്നു.

എന്റെ തിരിച്ചു വരവിൽ ഈ സ്വപ്നം വഹിച്ച പങ്ക് വളരെ വലുതാണ്. അതെനിക്ക് പുതിയ ഊർജ്ജവും ഉന്മേഷവും പ്രത്യാശയും നല്കി. കാരുണ്യവാനായ ദൈവത്തിലുള്ള, അവിടുന്ന് എന്നെ ഈ പ്രതിസന്ധിയിൽ നിന്ന് വിടുവിക്കുമെന്നുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു.