സംഖ്യാ പുസ്തകം മുപ്പത്തിമൂന്നാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇസ്രായേൽ ജനതയുടെ യാത്രയെ നാലു ഭാഗങ്ങളായി തിരിക്കാം .1 .പുറപ്പാട് 2 .ചെങ്കടൽ മുതൽ സീനായി വരെയുള്ള യാത്ര 3 . സീനായിയിൽ നിന്നും കാദേശ് ( സീൻ വനം ) വരെ 4. കാദേശ് മുതൽ യോർദ്ദാൻ നദീ തീരം വരെ
ഭാഗം 1 – പുറപ്പാട്
1.രാംസെസ് – ആബീബ് മാസം പതിനഞ്ചാം തീയതി ഇസ്രായേൽ ഈ പട്ടണത്തിൽ നിന്നും യാത്ര പുറപ്പെട്ടു. ഈ സ്ഥലം ഫറവോയുടെ കൽപ്പന പ്രകാരം യോസേഫ് തൻ്റെ സഹോദരന്മാർക്ക് നൽകിയതായിരുന്നു . ഈജിപ്തിലെ ഏറ്റവും മികച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഇത് .അടിമവേലയുടെ സമയത്ത് ഇസ്രായേൽ ജനം പണിതിട്ടുള്ള പട്ടണങ്ങളിൽ ഒന്ന് ആയിരുന്നു രാംസെസ് . ( പുറപ്പാട് 12 , 37 സംഖ്യാപുസ്തകം 32 , 3 ) സുക്കോത്തിൽ എത്തിച്ചേരുന്നു
2 സുക്കോത്തിൽ നിന്നും വാഡിറ്റുമിലാറ്റു വഴി വനത്തിൻ്റെ അതിർത്തിയിലുള്ള പ്രദേശം ( പുറപ്പാട് 12 , 37 ,39 അദ്ധ്യായങ്ങൾ ) ഇവിടുത്തെ ഈജിപ്ഷ്യൻ ഖനികളിലുണ്ടായിരുന്ന ഇസ്രായേൽ അടിമതൊഴിലാളികളെ കൂട്ടിച്ചേർക്കുവാനായിരിക്കാം ഇത് വഴി വന്നിട്ടുണ്ടാവുകയെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. (വാഡി തുമിലാറ്റിന്റെ പടിഞ്ഞാറേ അറ്റം ഗോഷെൻ ദേശത്തിന്റെ ഭാഗമായാണ് അറിയപ്പെടുന്നത്.)
3 . മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങുന്നു അവിടെ നിന്നും വടക്കും വടക്കു കിഴക്കായും പലസ്തീനിലേക്കു പോകേണ്ടതിനു പകരം അവർ തെക്കു കിഴക്കായി പോകേണ്ടതിനു കല്പിക്കപ്പെട്ടു . അതിനാൽ ഇസ്രായേൽ പുറപ്പെട്ടു മിഗ്‌ദോലിനും സമുദ്രത്തിനും മധ്യേയുള്ള ബാൽസെഫോനു നേരെ യാത്ര ചെയ്യുന്നു ( പുറപ്പാട് 13 ,14 അദ്ധ്യായങ്ങൾ)
4 . പീഹഹീരോത്തിന്നരികെ മിഗ്‌ദോലിനു മുൻപിൽ പാളയമിറങ്ങുന്നു . ഇവിടെ ഫറവോ തൻ്റെ സൈന്യവുമായി പിന്തുടർന്നെത്തുന്നു . അപ്പോൾ ഇസ്രായേൽ ജനം ചെങ്കടൽ കടന്നു അയൂൻ മൂസ ( മോശെയുടെ ഉറവുകൾ ) എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന സ്ഥലത്തേക്ക് വന്നു . ( പുറപ്പാട് 14 :1 -9 , 1 കൊരിന്ത്യർ 10 , 1 -2 )