ഞായറാഴ്ച്ച ഉറക്കമുണർന്ന് പ്രഭാത പ്രാർത്ഥനക്കായി കണ്ണുകളടച്ചപ്പോൾ എൻ പ്രിയൻ വലംകരം പിടിച്ചെന്നെ എന്ന ഗാനമാണ് മനസ്സിലേക്കോടിയെത്തിയത്. പെട്ടെന്നെൻ്റെ ചിന്ത ദൈവത്തിൻ്റെ കരം എന്ന വിഷയത്തിലേക്കു വഴുതിവീണു. ദൈവകരം എന്ന വാക്ക് വിശുദ്ധ വേദ പുസ്തകത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ടല്ലോ. അതെവിടെയെല്ലാമായിരിക്കും എന്ന് കണ്ടു പിടിക്കണമെന്നെനിക്കു തോന്നി.
വേദപുസ്തകത്താളുകൾ തിരിച്ചും മറിച്ചും പരതുന്നതിനിടയിൽ ദൈവകരം പരാമർശിക്കുന്ന സന്ദർഭങ്ങൾ എന്നെ അത്ഭുതപരതന്ത്രനാക്കുകയാണുണ്ടായത്.സൃഷ്ഠിയും വീണ്ടെടുപ്പും മുതൽ നിത്യത വരെ എങ്ങും ദർശിക്കാവുന്ന ആ കരുതലിൻ്റെ കരത്തെയോർത്ത് എൻ്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. സങ്കീർത്തനപുസ്തകം 80 :14 ,15 വാക്യങ്ങളിൽ ആണ് എൻ്റെ ദൃഷ്ടികൾ ആദ്യം പതിഞ്ഞത് .”സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.” അവിടുന്ന് ലോകസ്ഥാപനത്തിനു മുൻപ് നമ്മെ തിരഞ്ഞെടുത്തിരുന്നു (എഫെസ്യർ 1 :4 ) എന്ന വാക്യം ഞാനോർത്തു. അവിടുത്തെ കരമാണ് എൻ്റെ അമ്മയുടെ ഉദരത്തിൽ എന്നെ മെടഞ്ഞതു ( സങ്കീർത്തനങ്ങൾ 139 :9 ) എന്ന ചിന്തയും ഇതോടോപ്പം മനസ്സിലോടിയെത്തുകയും അതെന്നെ ആനന്ദിപ്പിക്കുകയും ചെയ്തു.
സഹായിക്കുന്ന കരം

ഈ ലോക ജീവിതത്തിൽ കല്ലുകളും മുള്ളുകളും നിറഞ്ഞ പാതകളിലൂടെ , വിഷമമേറിയ ഘട്ടങ്ങളിലൂടെ നമ്മിൽ പലരും കടന്നു പോകാറുണ്ട് . എന്നാൽ “ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും” എന്നു ദാവീദ് സാക്ഷ്യപ്പെടുത്തുന്നതാണ് സങ്കീർത്തനങ്ങൾ 138: 7 ൽ ഞാൻ കണ്ടത്. നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. ( സങ്കീ 119 :173 ) എന് ദാവീദ് വീണ്ടും പ്രാർത്ഥിക്കുന്നു “എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.( സങ്കീ 63 :8 ) അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു (സങ്കീ: 18 :16 ) ” യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.” (സങ്കീ 118 :16 ) എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.(63 :8 ) എന്നെ വാക്യങ്ങളും ദാവീദ് രാജാവിൻ്റെ പ്രാർത്ഥനയും സാക്ഷ്യവുമായി എനിക്ക് കാണുവാൻ കഴിഞ്ഞു. എന്നാൽ ദൈവത്തെ അന്വേഷിക്കുന്നവർക്കു മാത്രമാണെന്ന് എസ്രാ 8 :22 എന്നെയോർമ്മിപ്പിച്ചു. ദൈവകരത്തിനു സാധ്യമാവുന്നത് ചെയ്യാൻ ഒരു മനുഷ്യനുമാവില്ലയെന്നു “ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?( ഇയ്യോബ് 40 :9 ) എന്ന ചോദ്യത്തിലൂടെ എനിക്ക് വ്യക്തമായി.
ജയം തരുന്ന കരം
യഹോവയിൽ ആശ്രയിക്കുന്ന രാജാവിന് എപ്രകാരം സഹായം ലഭിക്കുമെന്ന് ദാവീദ് സങ്കീർത്തനങ്ങൾ 21 :6 ലൂടെ വീണ്ടും നമ്മെയോർമ്മിപ്പിക്കുന്നു .”രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും .” തൻ്റെ പിതാക്കന്മാർ ദേശത്തെകൈവശമാക്കിയതും ജയം നേടിയതും വാളുകൊണ്ട് അല്ലെന്നും മറിച്ചു യഹോവയുടെ വലങ്കയ്യും അവൻ്റെ ഭുജവുംഅവൻ്റെ മുഖപ്രകാശവും കൊണ്ടാണെന്നു സങ്കീർത്തനങ്ങൾ 44 : 3 ലൂടെയും ദാവീദ് പ്രസ്താവിക്കുന്നു. കാരണം മറ്റൊന്നുമല്ല , “നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു”.( സങ്കീ 48 :10 ) എന്നതു മാത്രമാണ്.
രക്ഷ നൽകുന്ന ദൈവകരം യെശയ്യാവിൻ്റെ പുസ്തകത്തിലാണ് ദൈവകരവും അതിലൂടെ മനുഷ്യകുലത്തിന് വരുവാനുള്ള രക്ഷയെയും വെളിപ്പെടുത്തുന്ന മുപ്പതോളം വാക്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് . ക്രിസ്തുവിലൂടെ സകല ലോകത്തിനും വരുന്ന രക്ഷയെയും ദൈവ കരവുമായി ബന്ധപ്പെടുത്തി ഇവിടെ പ്രസ്താവിച്ചിരിക്കുന്നു.”സകല ജാതികളും കാൺകെ യഹോവ തൻ്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു” ( യെശയ്യാ 52 :10 ) . പുതിയ നിയമത്തിലേക്കു വരുമ്പോഴാകട്ടെ കാറ്റ് കണ്ടു പേടിച്ചു കടലിൽ മുങ്ങിത്തുടങ്ങിയ പത്രോസിനെ രക്ഷിപ്പാൻ നീളുന്ന ഒരു കരമാണ് . നമ്മുടെ കർത്താവിൻ്റെ കരം തന്നെ .യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.(മത്തായി 14 :31 ) മാനവകുലത്തിന് രക്ഷയ്ക്കായി നീട്ടപ്പെട്ട ഈ കരങ്ങളിൽ ആണല്ലോ ആണികൾ തറക്കപ്പെട്ടതെന്നു ഞാൻ ചിന്തിച്ചു. “പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു” ( യോഹന്നാൻ 20 :27 ). എന്നാൽ വെളിപാട് പുസ്തകത്തിൽ എത്തിയപ്പോൾ ഞാൻ കണ്ടത് വലങ്കയ്യിൽ ഏഴു നക്ഷത്രങ്ങളുമേന്തിയ , മരണത്തെ ജയിച്ചവനായ തേജോമയനായ എൻ്റെ കർത്താവിനെയാണ് . എന്നാൽ അപ്പോഴും വലം കൈ അവനു മേൽ വെച്ച് തൻ്റെ പ്രിയ ശിഷ്യനെ നമ്മുടെ കർത്താവ് ധൈര്യപ്പെടുത്തുന്നുണ്ട് .”അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” ( വെളിപ്പാട് 1 :17 ). ദൈവത്തിൻ്റെ വലം കരത്തെക്കുറിച്ചുള്ള ഈ ചിന്തകൾ എനിക്ക് പകർന്നു തന്ന കർത്താവിനെ ഞാൻ സ്തുതിക്കട്ടെ .