ലോകപ്രശസ്ത സുവിശേഷകനും മെതഡിസ്റ്റ് സഭകളുടെ സ്ഥാപകനുമായ ജോൺ വെസ്ലി സ്ഥാപിച്ച ആദ്യത്തെ ചാപ്പലായ ബ്രിസ്റ്റോളിലെ ന്യൂ റൂമിൽ സ്വവർഗ വിവാഹങ്ങൾ നടത്തുമെന്ന് സഭ പ്രഖ്യാപനം സ്വവർഗ്ഗാനുരാഗ സമൂഹം തങ്ങളുടെ വിജയമായി ആഘോഷിക്കുകയാണ്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മെത്തഡിസ്റ്റ് പള്ളിയായ ന്യൂ റൂമിൽ സ്വവർഗ വിവാഹങ്ങൾ നടത്താനും, നിർവ്വഹിക്കാനും, ആഘോഷിക്കാനും ലഭ്യമാണെന്ന് അറിയിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് പള്ളിയുടെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. “എല്ലാവരുമായും ദൈവസ്നേഹം പങ്കിടുന്നതിൽ ജോൺ വെസ്ലി വിശ്വസിച്ചിരുന്നു , ഈ നടപടി വെസ്ലിയുടെ സന്ദേശം ഈ നൂറ്റാണ്ടിലേക്ക് ഉൾക്കൊള്ളാനുള്ള അവസരം കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന മഹത്തായ പ്രസ്താവനയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
മെത്തഡിസ്റ്റ് ചർച്ച് കഴിഞ്ഞ വർഷം സ്വവർഗ വിവാഹം അനുവദിക്കുന്നതിന് വോട്ട് ചെയ്തതിന് ശേഷമാണ് ഈ തീരുമാനം വരുന്നതെന്നു പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. LGBTQIA കമ്മ്യൂണിറ്റിയുമായുള്ള തങ്ങളുടെ സഖ്യത്തിൻ്റെ യാത്രയിലെ ഏറ്റവും പുതിയ ഘട്ടമാണിതെന്ന് ന്യൂ റൂം ചർച്ചിലെ റവ. മാൻഡി ബ്രിഗ്സ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
അതെ സമയം ഈ തീരുമാനത്തിൽ തനിക്ക് ദുഃഖമാണുള്ളതെന്ന് മെത്തഡിസ്റ്റ് ഇവാഞ്ചലിക്കൽസ് ടുഗെറ്റിൻ്റെ വൈസ് ചെയർമാനായ റവ ഗാരെത്ത് ഹിഗ്സ് പ്രീമിയർ ക്രിസ്ത്യൻ ന്യൂസിനോട് പറഞ്ഞു. “ഞങ്ങളുടെ പ്രസ്ഥാനത്തിന് ഇത്രയും പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ജോൺ വെസ്ലി ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്ത് ചിന്തിക്കുമെന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം എന്താണ് ചിന്തിച്ചതെന്ന് ഞങ്ങൾക്കറിയാം, മാത്രമല്ല അദ്ദേഹം വിവാഹത്തിൻ്റെ ഏക മാതൃക സ്ഥിരീകരിക്കുകയും ചെയ്തു. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ളതാണ് വിവാഹമാണ് എന്ന് തിരുവെഴുത്തുകളിൽ നാം കണ്ടെത്തുന്നു”.
അദ്ദേഹം പറഞ്ഞു. ജോൺ വെസ്‌ലി എന്താണ് വിവാഹത്തെപ്പറ്റി വിചാരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും റവ. ഗാരറ്റ് കൂട്ടിച്ചേർത്തു.
( ജോൺ വെസ്ലി, (ജനനം ജൂൺ 17, 1703, എപ്വർത്ത്, ലിങ്കൺഷെയർ, ഇംഗ്ലണ്ട്-മരണം മാർച്ച് 2, 1791, ലണ്ടൻ), ആംഗ്ലിക്കൻ പുരോഹിതനും സുവിശേഷകനും, സഹോദരൻ ചാൾസിനൊപ്പം ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ മെത്തഡിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനുമാണ് . രീതിശാസ്ത്രപരമായ പഠനത്തിലും ഭക്തിയിലും ഊന്നൽ നൽകിയതിനാലാണ് ഇവർ “മെത്തഡിസ്റ്റുകൾ” എന്ന് വിളിക്കപ്പെട്ടത് . ഹോളി ക്ലബ് എന്നും വിളിക്കപ്പെടുന്ന മെത്തഡിസ്റ്റുകൾ അവരുടെ പതിവ് കൂട്ടായ്മ സേവനങ്ങൾക്കും ആഴ്ചയിൽ രണ്ട് ദിവസം ഉപവാസത്തിനും പേരുകേട്ടവരായിരുന്നു. മെത്തഡിസ്റ്റുകൾ അവരുടെ പ്രവർത്തനങ്ങൾ വർക്ക് ഹൗസുകളിലേക്കും പാവപ്പെട്ടവരിലേക്കും വ്യാപിപ്പിച്ചു, ഭക്ഷണം, വസ്ത്രങ്ങൾ, മരുന്ന്, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയും ഒരു സ്കൂൾ നടത്തുകയും ചെയ്തു. 35-ആം വയസ്സിൽ, വെസ്‌ലി തൻ്റെ ജീവിത ദൗത്യം വിശ്വാസത്താൽ രക്ഷയുടെ സുവാർത്ത ഘോഷിക്കുന്ന ഒന്നായി വീക്ഷിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ സഭകൾ അദ്ദേഹത്തിൻ്റെ ആവേശം ഉൾക്കൊള്ളാവാതെ നിമിത്തം താമസിയാതെ അവരുടെ വാതിലുകൾ അദ്ദേഹത്തിന് മുൻപിൽ അടച്ചു. പിന്നീട് അദ്ദേഹം വിവിധ ക്രൈസ്തവ സമൂഹങ്ങളിലേക്ക് പോയി, അവയിൽ പുതിയ ആത്മീയ വീര്യം പകരാൻ ശ്രമിച്ചു. തൻ്റെ പ്രസംഗങ്ങളിലൂടെ അനേകരെ രക്ഷയിലേക്കു നയിച്ച അദ്ദേഹം ലോകം കണ്ട ഏറ്റവും വലിയ വലിയ ക്രൈസ്തവ നവോത്ഥാന നായകരിലൊരാളായാണ് അറിയപ്പെടുന്നത് )