നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്ന വോക്ക് സംസ്കാരം

Woke - നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്ന വോക്ക് സംസ്കാരം

വോക്ക് സംസ്കാരം എന്ന് കേട്ടിട്ടില്ലത്തവർ ഇന്ന് വിരളമാവും. ഇനി കേട്ടിട്ടുള്ളർക്ക് തന്നെ അതിൻ്റെ അർത്ഥമറിയില്ലെങ്കിൽ ഇതാകുന്നു വോക്കിനെപ്പറ്റി പഠിക്കാനുള്ള നല്ല സമയം. കാരണം, വോക്ക് സംസ്കാരം നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ടു തുടങ്ങിയിരിക്കുന്നു 1940-കളിൽ ആണ് “ഉണരുക” എന്ന വാക്കിൽ നിന്ന്, സാമൂഹിക അനീതി വിഷയങ്ങളിൽ നന്നായി അറിവുള്ള ഒരാളെ വിവരിക്കാൻ ഈ പദം ഉപയോഗിച്ചു തുടങ്ങിയത് . തുടക്കത്തിൽ വംശീയതയെ പരാമർശിച്ചുകൊണ്ടായിരുന്നു ഇത് ഉപയോഗിച്ചതെങ്കിൽ ഇന്നത് എൽ ജി ബി ടി ക്യു പ്രശ്‌നങ്ങൾ, ഫെമിനിസം, കുടിയേറ്റം എന്നീ പ്രസ്ഥാനങ്ങൾക്കുള്ള സൂചകമായി ഇത് കൂടുതൽ ഉപയോഗിക്കപ്പെടുന്നു.

ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിലിൽ വായിച്ച ഒരു വാർത്തയാണ് ഈ വിഷയത്തെ പറ്റി ചിന്തിക്കാൻ എന്നെ പ്രചോദിപ്പിച്ചത് . ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ കനേഡിയൻ നടനും നിർമ്മാതാവുമായ എലിയട്ട് പേജിനെ വിമർശിച്ചു കൊണ്ട്, ട്രാൻസ്‌ജെൻഡർ താരം തൻ്റെ നീക്കം ചെയ്ത മാറിടങ്ങളുമായുള്ള , ഷർട്ട് ധരിക്കാത്ത, ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക വഴി കുട്ടികളെ ‘പരിവർത്തനം’ ചെയ്യുവാനാണ് ലക്ഷ്യമിടുന്നതെന്ന ഗുരുതരമായ ആരോപണമാണ് കൺസർവേറ്റീവ് സൈക്കോളജിസ്റ് ആയ ഡോ . ജോർദാൻ പീറ്റേഴ്‌സൺ ഉയർത്തിയത്. ഇതിൻ്റെ പേരിൽ ട്വിറ്ററിൽ പീറ്റേഴ്‌സണ്‌ വിലക്കേർപ്പെടുത്തുകയുമുണ്ടായി.

ഇത്തരം ചിത്രങ്ങളിലൂടെ എലിയറ്റ് പ്രത്യക്ഷപ്പെടുന്നത് തങ്ങൾ ട്രാൻസ്‌ജെൻഡറാണെന്ന് കുട്ടികൾ കരുതുവാൻ ഇടയാക്കപ്പെടുകയും ഇത് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുമെന്നും പീറ്റേഴ്‌സൺ പറഞ്ഞു. 2016 ൽ ‘ലിംഗ സ്വത്വമോ ലിംഗവിവേചനമോ’ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന കനേഡിയൻ സർക്കാരിൻ്റെ നിയമനിർമ്മാണത്തെ വിമർശിച്ചു കൊണ്ടാണ് പീറ്റേഴ്സൺ ആദ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുന്നത് . ഇത് ‘ഫ്രീ സ്പീച്ചി’ നുള്ള അവകാശം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ഏറെക്കുറെ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണെന്നാണ് സത്യം .

കഴിഞ്ഞ കുറച്ചു കാലമായി ട്രാൻ കമ്മ്യൂണിറ്റി അംഗങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട ജൻഡറിൽ വിശേഷിപ്പിക്കപ്പെടാൻ ആഗ്രഹിക്കുകയും അമേരിക്കയുൾപ്പടെ വിവിധ രാജ്യങ്ങളിൽ അവർ ആഗ്രഹിക്കുന്ന ലിംഗഭേദം നിയമപരമായി അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളിൽ നിരന്തരം ക്യാമ്പെയ്‌നുകൾ നടത്തി വരികയുമാണ്. ട്രാൻസ്‌ജെണ്ടറുകളായി അംഗീകരിക്കപ്പെടാനുള്ള മെഡിക്കൽ പരിശോധനകൾ ലഘൂകരിക്കണമെന്നാണ് ഇവരുടെ പ്രധാനാവശ്യം. ഹോർമോൺ ചികിസ്ത തുടങ്ങി ചെറിയ കാലയളവ് പിന്നിട്ടവർ പോലും സ്ത്രീകളുടെ കായിക ഇനങ്ങളിൽ മത്സരിക്കുകയും സ്ത്രീകളുടെ സ്വകാര്യ ഇടങ്ങളായ വസ്ത്രം മാറുന്ന മുറികൾ, ടോയ്‌ലറ്റുകൾ എന്നിവ ഉപയോഗിക്കുവാൻ തുടങ്ങുകയും കൂടാതെ ജയിലുകളിലും ഗാർഹിക പീഡന സംരക്ഷണ കേന്ദ്രങ്ങളിലും സ്ത്രീകൾക്കൊപ്പം ഇടം പങ്കിടാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങൾ ഉയർന്നു തുടങ്ങിയത് .

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ സ്ത്രീകൾക്കായുള്ള ഏക സംസ്ഥാന ജയിലിൽ തടവിൽ കഴിയുന്ന രണ്ട് തടവുകാർ ട്രാൻസ്‌ജെൻഡർ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഗർഭിണിയായ വാർത്ത പുറത്തു വന്നത് കഴിഞ്ഞ ഏപ്രിലിൽ ആണ്. 2021-ൽ, ന്യൂജേഴ്‌സി സംസ്ഥാനം തടവുകാരെ അവരുടെ ഇഷ്ടപ്പെട്ട ലിംഗഭേദം അനുസരിച്ച് ജയിലിൽ പാർപ്പിക്കാൻ അനുവദിക്കുന്ന ഒരു നയം നടപ്പിലാക്കിയതിൻ്റെ അനന്തര ഫലമായിരുന്നു ഇത്.

അമേരിക്കൻ ട്രാൻജൻഡർ നീന്തൽ താരമായ ലിയ തോമസ് 2017 മുതൽ 2020 വരെ സർവ്വകലാശാലയുടെ പുരുഷന്മാരുടെ നീന്തൽ ടീമിൽ മത്സരിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം 2021 മുതൽ 2022 വരെ വനിതാ നീന്തൽ ടീം അംഗമായി ഒടുവിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു . സ്ത്രീകളുടെ ഇനങ്ങളിൽ ട്രാന്സ്ജെണ്ടറുകൾ മത്സരിക്കുന്നത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിക്കുകയുണ്ടായി . ഒടുവിൽ അന്താരാഷ്ട്ര നീന്തൽ ഫെഡറേഷൻ ട്രാൻജൻഡർ താരങ്ങൾക്കു വനിതാ ഇനങ്ങളിൽ മത്സരിക്കുന്നതിൽ വിലക്കേർപ്പെടുത്തുന്നതിൽ ആണ് കാര്യങ്ങൾ അവസാനിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവർ എന്ന് അവകാശപ്പെടുന്ന വോക്ക് സമൂഹം പക്ഷെ തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെ അങ്ങേയറ്റം,അസഹിഷ്ണുതയോടെയാണ് കൈകാര്യം ചെയ്യറുള്ളത്. ബൈബിൾ അടിസ്ഥാനമാക്കി സ്വവർഗ വിവാഹത്തെയും ലിംഗമാറ്റത്തെയും ഗർഭച്ഛിദ്രത്തെയുമെല്ലാം ക്രൈസ്തവ സമൂഹം എതിർക്കുന്നത് ഇവരെ അങ്ങേയറ്റം പ്രകോപിതരാക്കുന്നു. അതിനാൽ തന്നെ ക്രൈസ്തവർ സമൂഹത്തെ ശത്രുക്കളായി കണ്ടു കൊണ്ടുള്ള സമീപനമാണ് ഇവർ സ്വീകരിക്കാറുള്ളത്.

ക്രൈസ്തവർ മാത്രമല്ല പൊതു സമൂഹത്തിൽ നിന്നും വോക്ക് നിലപാടുകൾക്കെതിരെ പ്രതികരിച്ചാലും ഇത് തന്നെയാണ് ഫലം. ഹോമോഫോബിക് എന്ന പേരിൽ അധിക്ഷേപത്തിനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടാവുക. ഹാരി പോട്ടർ പരമ്പരകളുടെ സൃഷ്ടികർത്താവ് ജെ കെ റൗളിംഗിന് , ബ്രിട്ടീഷ് ബിസ്സിനസ്സ്‌കാരിയും ഗവേഷകയുമായ മായ ഫോർസ്റ്റേറ്ററിൻ്റെ “പുരുഷന്മാർ സ്ത്രീകളല്ല” എന്ന് ട്വീറ്റ് ലൈക്ക് ചെയ്തതിന് ശേഷം പ്രതിഷേധകൊടുങ്കാറ്റ് തന്നെയാണ് നേരിടേണ്ടി വന്നത്. ഒടുവിൽ പോട്ടർ സിനിമകളിൽ റൗളിങ്ങിൻ്റെ പേര് ഉപയോഗിക്കാത്ത സാഹചര്യങ്ങളിലേക്കു വരെ കാര്യങ്ങൾ എത്തി .

ഇനി വിഷയത്തിലേക്കു വരാം . വോക്ക് സംസ്കാരം നമ്മുടെ കുട്ടികലെ ലക്ഷ്യമിടുന്നുണ്ടോ ? ഉണ്ടെന്നാണ് വോക്കുകളുടെ സമീപകാല നീക്കങ്ങൾ നമ്മെയോർമ്മിപ്പിക്കുന്നത്. എഴുത്തുകാരനായ വിവേക് രാമസ്വാമിയുടെ വാക്കുകളിൽ വോക്ക് ആശയങ്ങൾ കുട്ടികളുടെ മനസ്സിനെ വിഷലിപ്തമാക്കുന്നു.വോക്ക് സംസ്കാരം കുട്ടികളിൽ കുത്തിവെക്കുന്നതിനാൽ അമേരിക്കൻ സ്കൂളുകൾ ‘ട്യൂബുകളിലൂടെ താഴേക്ക് പോകുന്നു’ എന്നാണദ്ദേഹം പറയുന്നത് . 60-കളിലും 70-കളിലും ചൈനയുടെ സാംസ്‌കാരിക വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളെ മാവോയിസത്തിലേക്ക് ആകർഷിച്ചത്തിനു തുല്യമാണിതെന്നാണ് അദ്ദേഹം പറയുന്നത്. ക്രിട്ടിക്കൽ റേസ് തിയറി പോലെ , വെള്ളക്കാരെ ‘അടിച്ചമർത്തുന്നവർ’ എന്നു വിശേഷിപ്പിച്ചുകൊണ്ടു വെള്ളക്കാരായ വിദ്യാർത്ഥികളിൽ ‘നാണക്കേടുണ്ടാക്കുന്ന’ ‘വംശീയ വിരുദ്ധ’ പ്രത്യയശാസ്ത്രം വിദ്യാർത്ഥികളെ പഠിപ്പിക്കുകയെന്നതാണ് ഇതിലൊന്ന്.നമ്മുടെ അടുത്ത തലമുറയുടെ മനസ്സിനെ തീർത്തും വിഷലിപ്തമാക്കാൻ ഉദ്ദേശിച്ചുള്ള ഒന്നാണിതെന്നു രാമസ്വാമി പറയുന്നു.

നിങ്ങളുടെ സ്‌കൂളിൻ്റെ മുൻഗണനകൾ നോക്കുക . “അവർ യഥാർത്ഥ വിദ്യാഭ്യാസത്തിന് പകരം ബാത്ത്‌റൂം ‘ലിംഗനിർണ്ണയ’ത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു രക്ഷിതാവ് ആയ അമ്മ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. “ഇത് ക്രിട്ടിക്കൽ റെയ്‌സ് സിദ്ധാന്തം മാത്രമല്ല , സ്‌കൂൾ ലൈബ്രറികളിലെ പുസ്‌തക ശേഖരങ്ങളുടെ മാത്രം വിഷയവുമല്ല, മറിച്ച് പ്രശ്നങ്ങളുടെ ഒരു ശ്രേണി തന്നെ ഉണ്ട്” അവർ പറയുന്നു.

“അവർ ഈ സിദ്ധാന്തം ( ക്രിട്ടിക്കൽ റേസ് തിയറി) എല്ലാത്തിലും കുത്തിവയ്ക്കുന്നത് പോലെ തോന്നി,” . “ഒരു ദിവസം അഞ്ചാം ക്ലാസുകാരൻ മകൻ വീട്ടിൽ വന്ന് പറഞ്ഞു, ‘അമ്മേ, ഞാൻ പ്രബലവും അടിച്ചമർത്തുന്നതുമായ ഭൂരിപക്ഷത്തിൻ്റെ ഭാഗമാണെന്ന് നിങ്ങൾക്കറിയാമോ? മറ്റൊരു ദിവസം 12 കാരിയായ മകൾ വീട്ടിൽ വന്നു പറഞ്ഞു, ഐഡന്റിറ്റി ഇല്ലാത്ത ഒരേയൊരു കുട്ടി ഞാനാണ്. അവൾ അവളുടെ ലിംഗഭേദത്തെയും ലൈംഗിക ഐഡന്റിറ്റിയെയും പരാമർശിക്കുകയായിരുന്നു. അത് വളരെ ആശയക്കുഴപ്പമുണ്ടാക്കി. അവൾ കരഞ്ഞു. പൊങ്ങച്ചം പറയാനുള്ള ഒരു ഐഡന്റിറ്റി ഇല്ലാത്തതിനാൽ അവൾ ഒഴിവാക്കപ്പെട്ടു.” മറ്റൊരു മാതാവ് പറയുന്നു.

വോക്ക് സമൂഹത്തെയും വോക്ക് അജണ്ടകളെയും നമ്മുടെ സമൂഹത്തിൻ്റെ ദിശ നിർണ്ണയിക്കാൻ അനുവദിച്ചിരിക്കുന്നു എന്ന ഗുരുതരമായ തെറ്റാണ് സംഭവിച്ചിരിക്കുന്നത് . സ്വവർഗ്ഗാനുരാഗ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുട്ടികളുടെ ടിവി ഷോകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുക , കുട്ടികളുടെ പ്രിയ എഴുത്തുകാരൻ ഡോ. സ്യൂസിൻ്റെ കഥകളെ വംശീയവും പ്രശ്‌നപരവുമായ ഒന്നായി അവതരിപ്പിക്കുക , ലിംഗ പരിവർത്തനത്തിനായി കുട്ടികളെ സഹായിക്കാൻ സ്‌കൂളുകളിൽ അധ്യാപകരെ പരിശീലിപ്പിക്കുക , ഇത്തരം വിഷയങ്ങൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുവാൻ പ്രേരിപ്പിക്കുക , ലിംഗഭേദം ഒരു സാമൂഹിക ഘടനയാണെന്നും വെള്ളക്കാരനായിരിക്കുക എന്നത് മോശമാണെന്നും പഠിപ്പിക്കുക ഇതെല്ലാമാണ് വൊക്കുകൾ ഇന്ന് പ്രയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ തന്ത്രങ്ങൾ. കൂടാതെ ഒരു വിദ്യാർത്ഥി മറ്റൊരു ലിംഗക്കാരനാണെന്ന് അവകാശപ്പെട്ടാൽ നിശബ്ദത പാലിക്കാൻ മറ്റുള്ളവർ നിർബന്ധിതരാകുന്നു. സ്‌കൂൾ ഗ്രൗണ്ടിൽ തങ്ങളുടെ കുട്ടി എതിർലിംഗക്കാരാണെന്ന് നടിക്കുകയും വ്യത്യസ്ത പേരുകളും സർവ്വനാമങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നതായി മാതാപിതാക്കൾക്ക് അറിയാൻ അനുവാദമില്ലെന്നത് നമ്മെ ഞെട്ടിച്ചേക്കാം.

ഒടുവിലായി നമുക്ക് എന്ത് ചെയ്യുവാൻ കഴിയുമെന്ന് ചിന്തിക്കുക . ഉണർന്നിരിക്കുന്ന സംസ്കാരത്തെയും അതിന്റെ വിഡ്ഢിത്തത്തെയും കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് പരമ പ്രധാനമായ കാര്യം. കുട്ടികൾ പഠിക്കുന്ന പാഠഭാഗങ്ങൾ അറിഞ്ഞിരിക്കുക , അതിനെപ്പറ്റി അവർ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു അന്വേഷിക്കുക. വംശീയത ഒരു പാപമാണെന്നും അത് പാപപൂർണമായ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്നും അവരെ പഠിപ്പിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ നിറത്തിൽ അന്തർലീനമല്ല എന്നുവരെ മനസ്സിലാക്കുക. . നിങ്ങളുടെ കുട്ടികളെ അവർ കർത്താവിൽ നിന്നുള്ള അനുഗ്രഹമാണെന്നും അവർ പൂർണരും അവൻ്റെ ഛായയിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും അറിയാൻ പഠിപ്പിക്കുക. സദൃശവാക്യങ്ങൾ 22: 6 പറയുന്നു, ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക ; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല . സങ്കീർത്തനങ്ങൾ 139: 13-16 നീയല്ലോ എൻ്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എൻ്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിൻ്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എൻ്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എൻ്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിൻ്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിൻ്റെ പുസ്തകത്തിൽ എഴുതിയിരുന്നു.

യെശയ്യാവ് 54:13, മത്തായി 18: 1-3, മർക്കോസ് 10: 14, എഫെസ്യർ 6:4, ആവർത്തനം 6:7.